എം.പിമാർ മണിപ്പൂരിൽനിന്ന് തിരികെ എത്തി; പറഞ്ഞുതീർക്കാനാവാത്ത സങ്കടക്കഥകളുമായി
text_fieldsന്യൂഡൽഹി: കഴിഞ്ഞ രണ്ടുദിവസമായി മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളും കലാപ ബാധിത പ്രദേശങ്ങളും സന്ദർശിച്ച് ജനങ്ങളുടെ ദുരിതങ്ങൾ ഗവർണർ അനുഷ്യ ഉയിക്യയുമായി പങ്കുവെച്ച് ‘ഇൻഡ്യ’ സഖ്യത്തിലെ എം.പിമാർ ഡൽഹിയിൽ തിരിച്ചെത്തി.ചൂരാചന്ദ്പുർ, മൊയ്റാങ്, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച എം.പിമാർ വിശദീകരിക്കാൻ കഴിയാത്ത സങ്കടകരമായ അനുഭവങ്ങളുമായാണ് തിരികെ എത്തിയത്.
മൂന്നുമാസമായി മണിപ്പൂർ ഒറ്റപ്പെട്ടു കിടക്കുകയാണെന്നും ഇന്റർനെറ്റോ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെന്നും ക്യാമ്പുകളിലെ സാഹചര്യങ്ങൾ നരകതുല്യമാണെന്നും എം.പിമാർ പറഞ്ഞു.പല ക്യാമ്പുകളിലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ല. ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നു. ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ടത് പരസ്പരം അങ്കംവെട്ടിക്കൊണ്ടിരിക്കുന്ന ജനങ്ങളെ യോജിപ്പിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിനാണെന്ന് എം.പിമാർ ഒരേ സ്വരത്തിൽ പറഞ്ഞു.മണിപ്പൂരിലേക്കുപോയ പ്രതിപക്ഷത്തിന്റെ പാർലമെന്ററി പ്രതിനിധി സംഘത്തിലെ കേരളത്തിൽ നിന്നുള്ള എം.പിമാർ അവരുടെ അനുഭവം ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
കേൾക്കുന്നതോരോന്നും ഞെട്ടലുണ്ടാക്കുന്നത് - ഇ.ടി. മുഹമ്മദ് ബഷീർ
മണിപ്പൂരിലെത്തിയപ്പോൾ കേൾക്കുന്നതോരോന്നും ഞെട്ടലുണ്ടാക്കുന്നതായിരുന്നു. തലസ്ഥാനമായ ഇംഫാലിൽ പോലും ശ്മശാന മൂകതയാണ്. വിദ്യാഭ്യാസ സംവിധാനം പാടെ തകർന്നതാണ് ഏറ്റവും സങ്കടം. കുട്ടികൾക്ക് സ്കൂളുകളിൽ പോകാനോ ജനത്തിന് യാത്രചെയ്യാനോ സാധിക്കുന്നില്ല.
ജീവനും കൊണ്ട് ഓടിപ്പോന്നവർക്ക് സ്വന്തം കിടപ്പാടങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കുറ്റകരമായ അനാസ്ഥയും പക്ഷം ചേർന്നുള്ള നടപടികളുമാണ് കാര്യങ്ങൾ വഷളാക്കിയത്. പ്രധാനമന്ത്രി മൗനം തുടരുന്നതും പാർലമെന്റിൽ മണിപ്പൂരിനെ കുറിച്ച് പറയേണ്ട നേരത്ത് അദ്ദേഹം സഭയിലേ വരാതിരിക്കുന്നതും അവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഉണങ്ങാൻ കഴിയാത്ത മുറിവായി മാറി - എൻ.കെ. പ്രേമചന്ദ്രൻ
എങ്ങനെ പരിശ്രമിച്ചാലും മെയ്തേയി - കുക്കി വിഭാഗങ്ങൾക്കിടയിലെ ഉണങ്ങാൻ കഴിയാത്ത മുറിവായി കലാപം മാറി എന്നതാണ് മണിപ്പൂരിൽ കണ്ട പൊതുവികാരം. വളർന്നുവരുന്ന തലമുറകളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് ഈ അകൽച്ച വളർന്നിരിക്കുന്നു. മെയ്തേയി വിഭാഗങ്ങൾക്ക് ആധിപത്യമുള്ള ഇംഫാലിലുള്ള സ്ഥാപനത്തിലേക്ക് തിരിച്ചുപോകാൻ കഴിയാത്തതിനാൽ ഭാവി നഷ്ടപ്പെടുമെന്നു പറഞ്ഞ് കരയുകയാണ് മണിപ്പൂരിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമ്പതോളം രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ. ഗവർണറെ കണ്ട് ഇക്കാര്യം പറഞ്ഞപ്പോൾ അവരെ മറ്റേതെങ്കിലും സ്ഥാപനങ്ങളിലേക്ക് മാറ്റുന്നത് പരിശോധിക്കാമെന്നാണ് പറഞ്ഞത്.
നിയമവാഴ്ച അമ്പേ തകർന്ന കാഴ്ച- എ.എ. റഹീം
ഇരകൾ പരാതിപ്പെട്ടിട്ടും ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കും വിധത്തിൽ നിയമവാഴ്ച അമ്പേ തകർന്ന കാഴ്ചയാണ് മണിപ്പൂരിൽ കണ്ടത്. ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നാൽ പൊലീസ് സമ്മതിച്ചുകൊടുക്കുന്നില്ല. മുറിവുകളും പാടുകളുമെവിടെ എന്ന് ചോദിച്ച് പൊലീസ് തിരിച്ചയക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പൂർണമായും പരാജയപ്പെട്ട കാഴ്ചയാണവിടെ. ഡബിൾ എൻജിൻ സർക്കാറിന്റെ പൂർണ പരാജയം. ലോകത്തൊരിടത്തും ഒരു സർക്കാറും ഒരു അഭയാർഥി ക്യാമ്പിലും ഇത്ര ഉദാസീനതയോടെ പെരുമാറിയിട്ടുണ്ടാവില്ല.
ദുരിതാശ്വാസ ക്യാമ്പുകളിൽ, പ്രത്യേകിച്ചും കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകളിൽ സർക്കാറിനെ കാണാനേയില്ല. ഒരു രൂപയുടെ സഹായംപോലും സർക്കാർ നൽകിയില്ലെന്ന് സന്നദ്ധ സംഘടനകളുടെ മാത്രം സഹായത്തോടെ പ്രവർത്തിക്കുന്ന കുക്കി ക്യാമ്പുകൾ പറയുന്നു.സന്ദർശിച്ച മെയ്തേയി വിഭാഗത്തിന്റെ രണ്ട് ക്യാമ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. മെയ്തേയി വിഭാഗക്കാരനായ മുഖ്യമന്ത്രി ഈ രണ്ട് ക്യാമ്പുകൾ ഇതുവരെ സന്ദർശിച്ചിട്ടുമില്ല.
രാഷ്ട്രീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമം -കൊടിക്കുന്നിൽ സുരേഷ്
കുക്കി വിഭാഗവും മെയ്തേയി വിഭാഗവും തമ്മിലുള്ള സംഘർഷം രാഷ്ട്രീ യമായി മുതലെടുക്കാനാണ് ബി.ജെ.പി മണിപ്പൂരിൽ ശ്രമിക്കുന്നത്. മെയ്തേയി വിഭാഗത്തെ പിന്തുണക്കുകയും കുക്കി വിഭാഗത്തെ ശത്രുപക്ഷത്തുനിർത്തി സംഘർഷത്തിന് ആക്കം കൂട്ടാനും സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.മുഖ്യമന്ത്രി ബിരേൻ സിങ് പക്ഷപാതപരമായിട്ടാണ് ഇടപെടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുവിഭാഗത്തെ മാത്രം സംരക്ഷിക്കുകയും അവർക്കു പരസ്യമായും രഹസ്യമായും പിന്തുണ നൽകുകയും ചെയ്യുന്നു.
ഇരുവിഭാഗവുമായി ഒരുമിച്ചിരുന്ന് സംസാരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. കേന്ദ്രത്തിൽനിന്ന് നൽകുന്ന നിർദേശമനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന മണിപ്പൂർ സർക്കാർ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വേണ്ടരീതിയിൽ ഭക്ഷണം നൽകാനോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താനോ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.