ജസ്റ്റിസ് ശേഖര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ എം.പിമാര്‍
text_fieldsന്യൂഡല്‍ഹി: മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ ഇൻഡ്യ മുന്നണി എം.പിമാർ രാജ്യസഭയിൽ പ്രമേയാവതരണ നോട്ടീസ് നൽകി. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ സിറ്റിങ് ജഡ്ജി നടത്തിയ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ളതും പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി 1968ലെ ജഡ്ജിമാരുടെ (അന്വേഷണ) നിയമം, ഭരണഘടനയിലെ അനുച്ഛേദം 218 എന്നിവ പ്രകാരമാണ് ഇംപീച്ച് ചെയ്യാൻ പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയത്.
കപില്‍ സിബലിന്റെ നേതൃത്വത്തിൽ 55 പേർ ഒപ്പിട്ട നോട്ടീസ് വെള്ളിയാഴ്ച സഭനടപടികൾ ആരംഭിക്കുന്നതിനു മുമ്പ് രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറി. പ്രമേയാവതരണാനുമതി ലഭിക്കാൻ 50 പേരുടെ പിന്തുണയാണ് വേണ്ടത്. പ്രസംഗം ന്യൂനപക്ഷ സമുദായത്തിനെതിരെ പക്ഷപാതപരവും പ്രകോപനപരവും മുന്‍വിധിയോടെയുള്ളതുമാണെന്ന് നോട്ടീസിൽ പറയുന്നു. നിലപാട് പരസ്യമായി പ്രകടിപ്പിച്ച ജഡ്ജിയുടെ കോടതിയില്‍നിന്ന് ഒരു വ്യവഹാരിക്കും നിഷ്പക്ഷമായ നീതി പ്രതീക്ഷിക്കാനാവില്ല. ജസ്റ്റിസ് യാദവിന്റെ നടപടികൾ ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. വിദ്വേഷ പ്രസംഗം, സാമുദായിക അസ്വാരസ്യം, ജുഡീഷ്യൽ ധാർമികതയുടെ ലംഘനം എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപവത്കരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും ഭരണഘടനയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട വിഷയമാണെന്നും നോട്ടീസ് നൽകിയതിനു പിന്നാലെ കപിൽ സിബൽ പ്രതികരിച്ചു.
വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ ജഡ്ജി ശേഖര്‍ യാദവിന്റെ ചുമതലകളില്‍ അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി. 2010 വരെയുള്ള കേസുകളിലെ സിവില്‍ കോടതി ഉത്തരവുകള്‍ക്കെതിരായ ആദ്യ അപ്പീലുകളാണ് ജസ്റ്റിസ് ശേഖര്‍ യാദവിന് മുമ്പാകെ അനുവദിക്കുക. ലൈംഗികാതിക്രമക്കേസുകള്‍, സുപ്രധാന കേസുകളിലെ ജാമ്യാപേക്ഷകള്‍ തുടങ്ങിയവയായിരുന്നു ജസ്റ്റിസ് യാദവ് പരിഗണിച്ചിരുന്നത്. വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി അലഹബാദ് ഹൈകോടതിയോട് പ്രസംഗത്തിന്റെ പൂർണ രൂപം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.