നോട്ടുനിരോധന വാർഷികത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: നോട്ടുനിരോധനത്തിെൻറ ഒന്നാം വാർഷികത്തിൽ മോദിസർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ കക്ഷികൾ. നടപടി രാജ്യത്തെ ദുരിതത്തിലാക്കിയെന്ന് ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും ബി.എസ്.പിയും കുറ്റപ്പെടുത്തി. പൊതുജനം അനുഭവിച്ച ദുരിതത്തിെൻറയും മരണത്തിെൻറ വാർഷികം ആഘോഷിച്ച് ചരിത്രം സൃഷ്ടിച്ച രാജ്യത്തെ ആദ്യ സർക്കാറാണ് മോദിയുടേതെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. സി.പി.എം, സി.പി.െഎ, ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി, സി.പി.െഎ-എം.എൽ, എസ്.യു.സി.െഎ തുടങ്ങിയ ആറ് ഇടതു പാർട്ടികൾ ന്യൂഡൽഹിയിൽ സംയുക്തമായി നടത്തിയ പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നോട്ടു നിരോധനത്തിലൂടെ മോദി സർക്കാർ രണ്ടു കാര്യങ്ങളാണ് ചെയ്തത്. ക്യൂവിൽ നിന്ന് ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയതാണ് ഒന്നാമത്തേതെങ്കിൽ പൂഴ്ത്തിവെപ്പുകാരുടെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതാണ് രണ്ടാമത്തേതെന്ന് അവർ പറഞ്ഞു. കർഷകർ ആത്മഹത്യചെയ്യുകയും നിരവധിപേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തിട്ടും മോദിസർക്കാർ തങ്ങൾക്ക് സംഭവിച്ച തെറ്റ് അംഗീകരിക്കുന്നില്ലെന്ന് സി.പി.െഎ നേതാവ്
അതുൽ അൻജൻ പറഞ്ഞു. നോട്ടുനിരോധനത്തെ തുടർന്ന് നടപ്പാക്കിയ ജി.എസ്.ടി ഒരു സാമ്പത്തിക ദുരന്തമായിത്തീർന്നുവെന്ന് സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു.
നോട്ടുനിരോധന വാർഷികമായ ബുധനാഴ്ച പശ്ചിമ ബംഗാളില തൃണമൂൽ കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ‘കരിദിന’മായി ആചരിച്ചു. തൃണമൂൽ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. രാജ്യത്ത് നടന്നത് ‘ഡിമോ ഡിസാസ്റ്റർ’ ആയിരുന്നെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നോട്ടുനിരോധനത്തിെൻറ മറവിൽ രാജ്യത്ത് വൻ കുംഭകോണം നടന്നുവെന്നും നടപടിക്ക് പിന്നിൽ ചിലരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢതാൽപര്യം ഉണ്ടായിരുന്നുവെന്നും മമത ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസിെൻറ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു.
വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ട് നടത്തിയ നോട്ടുനിരോധനംമൂലം ദുരിതത്തിലായ ജനങ്ങളോട് മോദി സർക്കാർ മാപ്പു പറയണമെന്നും നവംബർ എട്ടിന് കള്ളപ്പണ വിരുദ്ധദിനത്തിന് പകരം ബി.ജെ.പി ‘നോട്ടുനിരോധന ക്ഷമാപണ ദിന’മായി ആചരിക്കണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സർക്കാറിെൻറ മർക്കടമുഷ്ടി രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷം സംജാതമാക്കിയെന്നും അവർ പറഞ്ഞു. അതിനിടെ, ബി.ജെ.പിയെ സമ്മർദത്തിലാക്കി മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയും നോട്ടുനിരോധ വാർഷികത്തിൽ രംഗത്തുവന്നു. സംസ്ഥാനത്ത് ശിവസേനയുടെ ആഭിമുഖ്യത്തിൽ മരണാനന്തര ചടങ്ങായ ‘ശ്രാദ്ധ ദിനം’ ആചരിച്ചാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. പ്രതിഷേധത്തിെൻറ ഭാഗമായി നാസിക്കിലെ പ്രശസ്തമായ തീർഥാടന കേന്ദ്രമായ രാംകുണ്ഡിൽ പ്രവർത്തകർ ശ്രാദ്ധകർമങ്ങൾ നടത്തി. കുംഭമേള നടക്കുന്ന ഗോദാവരി നദിയിലാണ് പ്രതിഷേധസൂചകമായി നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ ചിത്രങ്ങൾ ഒഴുക്കിയത്. പുണെയിൽ എൻ.സി.പി നേതാക്കളായ അജിത് പവാർ, സുപ്രിയ സുലെ എന്നിവരുടെ നേതൃത്വത്തിൽ നോട്ടുനിരോധത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.