സി.ബി.ഐ, എൻഫോഴ്സ്മെൻറ് മേധാവിമാരുടെ കാലാവധി നീട്ടിയതിനെതിരെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: സി.ബി.ഐ, എൻഫോഴ്സ്മെൻറ് മേധാവിമാരുടെ സേവന കാലാവധി രണ്ടിൽ നിന്ന് അഞ്ചു വർഷമാക്കിയതിൽ പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം. സേവനകാലം നീട്ടുന്നതിനുള്ള നിയമഭേദഗതി ബിൽ പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ വെള്ളിയാഴ്ച സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.
ഭരണഘടനപരമായ പരിശോധന-നിയന്ത്രണ സംവിധാനങ്ങളാകെ ഇല്ലാതാക്കുന്ന പ്രവർത്തനമാണ് ഏഴര വർഷമായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വ്യാഴാഴ്ച ബിൽ പരിഗണിച്ചപ്പോൾ കോൺഗ്രസിലെ മനീഷ് തിവാരി ചൂണ്ടിക്കാട്ടി. സർക്കാറിെൻറ ഇടപെടലുകൾ ഒഴിവാക്കാനാണ് സ്വതന്ത്ര അന്വേഷണ ഏജൻസി മേധാവികളുടെ സേവന കാലാവധി സുപ്രീംകോടതി രണ്ടു വർഷമാക്കിയതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പാർലമെൻറ് സമ്മേളിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ, ഓർഡിനൻസ് കൊണ്ടുവരുകയാണ് സർക്കാർ ചെയ്തതെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. പാർലമെൻറിെൻറ നിയമനിർമാണാധികാരം അവമതിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്ക് പാർലമെൻറ് ദുരുപയോഗിക്കുകയാണ്.
കേരളത്തിൽ തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെയും മന്ത്രിമാരെയും കുടുക്കാൻ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗപ്പെടുത്തിയെന്ന് സി.പി.എമ്മിലെ എ.എം. ആരിഫ് പറഞ്ഞു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഇപ്പോൾ ബി.ജെ.പിയുടെ ഇലക്ഷൻ ഡിപ്പാർട്മെൻറാണെന്നും ആരിഫ് ആരോപിച്ചു. പ്രതിപക്ഷ എതിർപ്പിനിടെ ബിൽ സഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.