എടുത്തുചാടി അവതരിപ്പിച്ച ബില്ലെന്ന് ശശി തരൂർ; പുതിയ ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ എതിർത്ത് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പാർലമെന്റിൽ അവതരിപ്പിച്ച ദുരന്ത നിവാരണ ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർത്ത് പ്രതിപക്ഷം. വയനാട് ദുരന്തം ഉയർത്തിക്കൊണ്ടാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തത്.
ബില്ലിനെ എതിർത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത്നിന്ന് ആദ്യം സംസാരിച്ചത് ശശി തരൂർ എം.പിയാണ്. വിദഗ്ധ പഠനം പോലും നടത്താതെ സർക്കാർ എടുത്തുചാടി അവതരിപ്പിച്ച ബില്ലാണിത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർക്കുകയണെന്നും ശശി തരൂർ വ്യക്തമാക്കി.
വയനാട് ഉരുൾ ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന് ഇടക്കാല സഹായം പ്രഖ്യാപിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. എൻ.ഡി.ആർ.എഫ് സഹായവിതരണത്തിൽ കേന്ദ്രസർക്കാർ വേർതിരിവ് കാണിക്കുകയാണ്.വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. അതിൽ കേന്ദ്രത്തിന്റെ മുന്നറിയിപ്പടക്കം വലിയ ചോദ്യചിഹ്നമായി നിൽക്കുന്ന സാഹചര്യമുണ്ട്. ഒരു പ്രദേശം തന്നെ ഇല്ലാതായി. മരിച്ചവരും കാണാതായവരുമായി 480ലധികം ആളുകളുണ്ട്. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനായില്ല. വയനാട്ടുകാരുടെ ദുരന്തത്തിൽ ഫലപ്രദമായ ഇടപെടാൻ പുതിയ ബില്ല് കൊണ്ടും സാധിക്കില്ലെന്നും ശശി തരൂർ എം.പി വ്യക്തമാക്കി. അതിനാൽ ഈ ബില്ല് തിരികെ വെക്കുന്നതാവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. മുണ്ടക്കൈ, ചൂരൽ മല ദുരന്തങ്ങൾ ഇനി രാജ്യത്ത് ആവർത്തിക്കരുത്. വയനാടിന് സഹായം നൽകാൻ എന്തിനാണ് മടിക്കുന്നതെന്നും ശശി തരൂർ ചോദിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.