"നിങ്ങൾ തന്നെയൊരു നാണക്കേടാണ്"; ആഗോള പട്ടിണി സൂചികക്കെതിരായ പരാമർശത്തിൽ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
text_fieldsന്യൂഡൽഹി: ആഗോള പട്ടിണി സൂചികക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ.
വിശപ്പെന്ന വികാരത്തെ പരിഹസിക്കരുതെന്നും നിങ്ങൾ ഒരു നാണക്കേടാണെന്നുമായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. "നിങ്ങളുടെ വിവരമില്ലായ്മയാണോ അതോ നിങ്ങളുടെ നിർവികാരതയാണോ- ഇതിൽ എതാണ് ലജ്ജാകരമെന്ന് എനിക്കറിയില്ല. നിങ്ങൾ ഇന്ത്യയുടെ വനിത-ശിശുക്ഷേമ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയാണ്. നിങ്ങളിൽ നിന്നും ഇത്തരമൊരു പരാമർശമുണ്ടാകുന്നത് ഭയാനകമാണ്. നിങ്ങൾ ഒരു നാണക്കേടാണ്. വിശപ്പെന്ന വികാരത്തെ പരിഹസിക്കരുത്. നിങ്ങൾ അധികാരമുള്ള ഒരു സ്ത്രീയാണ്, ഈ ഇന്ത്യ മഹാരാജ്യത്തിലെ മന്ത്രിയാണ്. വിമാനത്തില് നിങ്ങൾക്കാവശ്യത്തിനുള്ള ഏത് തരം വിഭവം വേണമെങ്കിലും ലഭ്യമാണ്. ഭക്ഷണം ഖഴിക്കാൻ പറ്റാതാകുന്നതും ഭക്ഷണം കിട്ടാത്തതും രണ്ടും രണ്ട് വിഷയങ്ങളാണ് മാഡം" - സുപ്രിയ ശ്രീനേറ്റ് കുറിച്ചു.
ശിവസേന യു.ബി.ടി നേതാവ് പ്രിയങ്ക ചതരുർവേദിയും മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള സമയമില്ല, കഴിക്കാൻ ഭക്ഷണവുമില്ല. ധിക്കാരത്തിന് ഒരു പേരുണ്ടെങ്കിൽ അത് ഈ മന്ത്രി ജിയാണ് എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പ്രിയങ്ക എക്സിൽ കുറിച്ചത്.
സമൂഹമാധ്യമങ്ങളിലും മന്ത്രിക്കെതിരെ വിമർശനം ശക്തമാകുകയാണ്. രാജ്യത്ത് നിലനിൽക്കുന്ന പോഷകാഹാരക്കുറവിനെയും പട്ടിണിയെയും ഫ്ലൈറ്റ് യാത്രക്കിടെ മുടങ്ങിയപ്പോയ ഒരു നേരത്തെ ഭക്ഷണത്തിന്‍റെ കഥ വെച്ചാണ് മന്ത്രി താരതമ്യം ചെയ്യുന്നതെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഉപയോക്താക്കൾ പറയുന്നു. മണ്ടത്തരം വിളിച്ച് പറയുമ്പോഴും കാണിക്കുന്ന ആത്മവിശ്വാസത്തിനും ധൈര്യത്തിനുമാണ് പ്രശംസയെന്ന പരിഹാസവും ഉയരുന്നുണ്ട്.
ഇന്ത്യയിലെ 140 കോടി ജനങ്ങളിൽനിന്ന് 3000 പേരെ ഫോണിൽ വിളിച്ച് നിങ്ങൾക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ഇത്തരം സൂചികയുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. 'വീട്ടിൽനിന്ന് രാവിലെ നാലിന് പുറപ്പെട്ട് അഞ്ച് മണിക്കുള്ള വിമാനത്തിൽ കൊച്ചിയിൽ ഒരു കോൺക്ലേവിൽ പങ്കെടുക്കാൻ പോവുകയും പത്ത് മണിയായിട്ടും ഭക്ഷണമൊന്നും കിട്ടാതിരിക്കുകയും ചെയ്തസമയത്ത് ആരെങ്കിലും ഫോണിൽ വിളിച്ച് താങ്കൾക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട് എന്നേ ഞാൻ പറയൂ' എന്നുമായിരുന്നു സ്മൃതി ഇറാനി നടത്തിയ പരാമർശം.
ആഗോള പട്ടിണിസൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.