2024 ലോക്സഭ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ സഖ്യം രൂപീകരിക്കും -ബി.ജെ.പി മുൻ സഖ്യകക്ഷി
text_fieldsലഖ്‌നോ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് വൻ സഖ്യം രൂപീകരിക്കുമെന്ന് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) ദേശീയ പ്രസിഡന്റ് ഓം പ്രകാശ് രാജ്ഭർ.
2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാവരേയും ഒരുവേദിയിലെത്തിച്ച് പ്രതിപക്ഷ സഖ്യം രൂപീകരിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി നേതാവ് ശരത് പവാർ, മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുമായി അടുത്തിടെ താൻ കൂടിക്കാഴ്ച നടത്തിയെന്നും രാജ്ഭർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം തുടരും. ലഖ്നോവിൽ നടന്ന എസ്.ബി.എസ്.പിയുടെ പരിപാടിയിൽ കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന എസ്.ബി.എസ്.പി സംവരണ വിഷയത്തിലെ തർക്കത്തെ തുടർന്നാണ് മുന്നണി വിട്ടത്. പിന്നീട് അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിക്കൊപ്പം ചേർന്നാണ് നിയമസഭ തെരഞ്ഞെടുപ്പ് നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.