രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധവും ഇറങ്ങിപ്പോക്കും
text_fieldsന്യൂഡൽഹി: കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ മറുപടി പറയാൻ അനുമതി നിഷേധിച്ചതിനെതുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ചും കുറ്റപ്പെടുത്തിയുമുള്ള കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രസംഗത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷ പ്രതിഷേധവും ബഹളവും. കർഷകരെ നേരിട്ട് സഹായിക്കുന്നതിനെക്കുറിച്ച് വാചാലരായിരുന്ന കോൺഗ്രസ് അതൊരിക്കലും നടപ്പിലാക്കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പി.എം-കിസാൻ പദ്ധതി ആരംഭിച്ചതെന്നും ചൗഹാൻ പറഞ്ഞു.
ചൗഹാൻ പ്രസംഗം തുടരുന്നതിനിടെ കോൺഗ്രസ് എം.പിമാരായ രൺദീപ് സിങ് സുർജേവാലയും ദിഗ് വിജയ് സിങ്ങും ആം ആദ്മി എം.പി സഞ്ജയ് സിങ്ങുമാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാണ്ട്സൗറിൽ പ്രതിഷേധിച്ച ആറ് കർഷകർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ‘എന്നെ കുത്തരുതെന്ന് ഞാൻ മുന്നറിയിപ്പ് തന്നിരുന്നതാണ്, നിങ്ങൾ അതിന് മുതിർന്നാൽ ഞാൻ വെറുതെ വിടില്ല’ എന്നായിരുന്നു പ്രസംഗം തുടർന്ന ചൗഹാന്റെ മറുപടി.
തുടർന്ന് കോൺഗ്രസ് ഭരണകാലത്ത് കർഷകരുടെ രക്തം പുരണ്ട കൈകളാണ് ദിഗ് വിജയ് സിങ്ങിന്റേതെന്ന് ചൗഹാൻ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് 35ഓളം കർഷകർ കൊല്ലപ്പെട്ട വിവിധ സംഭവങ്ങളും ചൗഹാൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് മന്ത്രിയുടെ ആരോപണങ്ങളിൽ പ്രതികരിക്കാൻ തങ്ങളെ അനുവദിക്കണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെടുകയായിരുന്നു.
ആവശ്യം സ്പീക്കർ നിരസിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുർജേവാലയും ദിഗ് വിജയ് സിങ്ങും രണ്ടുകത്തുകൾ സ്പീക്കർക്ക് നൽകിയിരുന്നു. ഇത് അനുവദിക്കാതിരുന്നതോടെ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.