ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിലാണ് എം.പിമാർ പ്രതിഷേധിച്ചത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി അടക്കമുള്ളവർ പങ്കെടുത്തു.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും സഭയിൽ വരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, അതിർത്തിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മണികാം താഗോറും ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അംഗങ്ങൾ നോട്ടീസ് നൽകി.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. പാർലമെന്‍റ് സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിൽ മുഴുവൻ എം.പിമാരും പങ്കെടുത്തു.
ആറു ചോദ്യങ്ങളുമായി സോണിയ
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച അനുവദിക്കാത്ത സർക്കാറിനോട് ആറു ചോദ്യങ്ങളുമായി കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി.
ഇന്ത്യയെ തുടർച്ചയായി ആക്രമിക്കാൻ ചൈനക്ക് എങ്ങനെ ധൈര്യം വരുന്നു? ഈ ആക്രമണങ്ങൾ ചെറുക്കാൻ എന്തൊക്കെ നടപടി സ്വീകരിച്ചു? എന്തൊക്കെ കൂടുതൽ തയാറെടുപ്പുകൾ ആവശ്യമുണ്ട്? ചൈനയുടെ ഭാവി കടന്നുകയറ്റങ്ങൾ തടയുന്നതിൽ സർക്കാർ നയം എന്താണ്? ചൈനയുടെ വൻതോതിലുള്ള ഇറക്കുമതി തടഞ്ഞ് സാമ്പത്തികമായ തിരിച്ചടി നൽകാത്തത് എന്തുകൊണ്ട്? ചൈനയുടെ നീക്കങ്ങൾക്കെതിരെ ആഗോള സമൂഹത്തിന്‍റെ പിന്തുണ നേടാൻ സർക്കാർ നയതന്ത്ര തലത്തിൽ സ്വീകരിക്കുന്ന നടപടികൾ എന്ത്?
പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ കോൺഗ്രസ് എം.പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ ഗാന്ധി. ചൈനയും കോൺഗ്രസുമായി പിന്നാമ്പുറ ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നതിനിടയിലാണ്, ചൈനയോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന വിധമുള്ള ചോദ്യങ്ങൾ. വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിശ്ശബ്ദത പാലിക്കുന്നത് ഈ സർക്കാർ നയമാക്കിമാറ്റിയിരിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. അതിർത്തി വിഷയത്തിൽ ചർച്ച അനുവദിക്കുന്നില്ല. തുറന്ന ചർച്ച നടക്കുന്നത് രാജ്യത്തിന്‍റെ പ്രതികരണശേഷി ശക്തിപ്പെടുത്താനാണ് ഉപകരിക്കുക. ചൈനയുടെ തുടർച്ചയായ തള്ളിക്കയറ്റം ഗുരുതരവും ആശങ്കജനകവുമാണ്. അപ്പോഴും ജനാധിപത്യത്തെ അനാദരിക്കുകയാണ് സർക്കാർ. ദേശീയമായി വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ പാർലമെന്‍റിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്നതാണ് രാജ്യത്തിന്‍റെ പാരമ്പര്യം. പക്ഷേ, ചർച്ചപോലും സർക്കാർ അനുവദിക്കുന്നില്ല. അതിർത്തിയിലെ യഥാർഥ സാഹചര്യത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഇതുമൂലം അജ്ഞരാണ്. വിലക്കയറ്റം അസഹനീയമായി. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ സർക്കാർ പരാജയം. കാർഷിക വിളകൾക്ക് വിലസ്ഥിരത നൽകാൻ കഴിയുന്നില്ല -സോണിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.