കർണാടക നിയമസഭയിൽ ഗാന്ധിയോടൊപ്പം സവർക്കറുടെ ഛായാ ചിത്രവും; പ്രതിഷേധവുമായി പ്രതിപക്ഷം
text_fieldsബംഗളൂരു: കർണാടക നിയമസഭ ഹാളിൽ സർവർക്കറുടെ ഛായാ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് നിയമസഭ മന്ദിരത്തിന് പുറത്ത് കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധിച്ചത്. സർവർക്കറുടെ ഛായാ ചിത്രം സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം സർക്കാർ മനഃപൂർവം സഭാനടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
'അവർക്ക് നിയമസഭാ നടപടിക്രമങ്ങൾ നടക്കണമെന്ന് ആഗ്രഹമില്ല. നടപടികൾ തടസപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങൾ അവർക്കെതിരെ നിരവധി അഴിമതികൾ നിയമസഭയിൽ ഉന്നയിക്കാൻ പോവുന്നതിനാലാണ് അവർ ഈ ചിത്രം കൊണ്ടുവന്നിരിക്കുന്നത്. അവർക്ക് ഒരു വികസന അജണ്ടയുമില്ല'- കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
സവർക്കർക്ക് പകരം വാത്മീകി, ബസവന്ന, കനക ദാസ, ബി.ആർ അംബേദ്കർ എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ സഭക്കുള്ളിൽ എന്താണ് നടക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും പ്രതിപക്ഷവുമായി സംസാരിക്കുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
നിയമസഭയുടെ ശീതകാല സമ്മേളനം ബെളഗാവിയിൽ തിങ്കളാഴ്ച ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന നിയമസഭാ സമ്മേളനത്തിൽ കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം പ്രധാന ചർച്ച വിഷയമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.