മോദി മണിപ്പൂർ സന്ദർശിക്കണം; ബിരേൻ സിങ്ങിന്റെ രാജിക്കു പിന്നാലെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ രാജിക്കു പിന്നാലെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. രണ്ടു വർഷത്തോളമായി വംശീയ സംഘർഷം നിലനിന്നിട്ടും സിങ്ങിനെ തുടരാൻ ബി.ജെ.പി അനുവദിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രൂക്ഷമായ ആക്രമണം നടത്തി.
ബിരേൻ സിങ്ങിന്റെ രാജിയെ വർധിച്ചുവരുന്ന ജനരോഷം, സുപ്രീംകോടതിയുടെ പരിശോധന, കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്നിവയുമായി രാഹുൽ ഗാന്ധി ബന്ധിപ്പിച്ചു.
രാജിയെ ‘കണക്കുകൂട്ടൽ’ എന്ന് വിശേഷിപ്പിച്ച രാഹുൽ, മോദി മണിപ്പൂർ സന്ദർശിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് രൂപം നൽകണമെന്നും പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുകയും ജനങ്ങളുടെ മുറിവുണക്കാൻ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും അടിയന്തിര മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കുതിര കുതിച്ചതിന് ശേഷം തൊഴുത്ത് അടച്ചിടുന്നത്’ പോലെയാണ് മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 258 പേർ മരിച്ചു, 5,600ലധികം ആയുധങ്ങളും 6.5 ലക്ഷം വെടിയുണ്ടകളും പോലീസ് ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ചു. 60,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരാകുന്നു- ഖാർഗെ ഭയാനകമായ സ്ഥിതിവിവരക്കണക്കുകൾ നിരത്തി.
2022 ജനുവരിയിലെ തന്റെ അവസാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം മോദിജി മണിപ്പൂരിന്റെ മണ്ണിൽ കാലുകുത്തിയിട്ടില്ല. അതിനിടയിൽ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ അദ്ദേഹത്തിന് സമയമുണ്ടായിട്ടും - അദ്ദേഹം കൂട്ടിച്ചേർത്തു.
‘648 ദിവസത്തെ നാണംകെട്ട ധിക്കാരത്തിന് ശേഷം ബിരേൻ സിങ് ഒടുവിൽ അവിശ്വാസം നഷ്ടപ്പെടുന്നതിന് മുമ്പ് രാജിവച്ചു. മണിപ്പൂരിന്റെ നിലനിൽപ്പിലേക്കും ജനങ്ങളുടെ ദുരവസ്ഥയിലേക്കും ഉണർന്നിരിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ആദ്യ ചുവടുവയ്പാണിതെന്ന് പ്രതീക്ഷിക്കുന്നു’- തൃണമൂലിന്റെ മഹുവ മൊയ്ത്ര ‘എക്‌സി’ൽ എഴുതി.
പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ‘മുൻ മണിപ്പൂർ മുഖ്യമന്ത്രി പാവ മാത്രമായിരുന്നു. മണിപ്പൂരിലെ മുഴുവൻ പ്രശ്‌നങ്ങളും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിയെ ഏൽപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രിയാണ് രാജിവെക്കേണ്ടതെന്നും’ രമേശ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.