അദാനിക്കെതിരായ തട്ടിപ്പു കേസ്: കടന്നാക്രമിച്ച് പ്രതിപക്ഷം; പാർലമെന്റ് പ്രക്ഷുബ്ധമാകും
text_fieldsന്യൂഡൽഹി: ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരായ അമേരിക്കൻ കോടതി നടപടിക്കുപിന്നാലെ പ്രതിപക്ഷം ഒന്നടങ്കം പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ചതോടെ, 25ന് തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പായി. അദാനിയുടെ സംരക്ഷകരായ ബി.ജെ.പിക്കെതിരെ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും പുറമെ പ്രതിപക്ഷം കൂട്ടത്തോടെയുള്ള കടന്നാക്രമണമാണ് നടത്തുന്നത്.
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കുപിന്നാലെ ചേരുന്ന ശൈത്യസമ്മേളനത്തിൽ വഖഫ് ജെ.പി.സി റിപ്പോർട്ട് കൊണ്ടുവന്ന് ബിൽ വീണ്ടും ചർച്ചയാക്കാൻ ബി.ജെ.പി കോപ്പുകൂട്ടുന്നതിനിടയിലാണ് അദാനിക്കെതിരായ അറസ്റ്റ് വാറന്റ്. അദാനിക്കെതിരെ നടത്തിയ പ്രസംഗത്തിന് ലോക്സഭയിൽ പ്രതികാര നടപടിക്കിരയായ രാഹുൽ ഗാന്ധിക്ക് അദാനിക്കെതിരെ വീണ്ടുമൊരങ്കത്തിന് വീര്യമേകുന്നതായി യു.എസ് കോടതി നടപടി. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഗൗതം അദാനിയും ഒരുമിച്ച് ആഘോഷമാക്കിയതിനുപിന്നാലെ അമേരിക്കൻ കോടതിയിൽ നിന്നേറ്റ അപ്രതീക്ഷിത പ്രഹരം മൂവർക്കും ഒരു പോലെ നാണക്കേടായി.
അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രണ്ട് പാർലമെന്റ് സമ്മേളനങ്ങൾ പ്രക്ഷുബ്ധമായതിന് ശേഷമാണ് പ്രതിപക്ഷത്തിന് ഒന്നാന്തരം ആയുധമായി അമേരിക്കൻ കോടതി നടപടി കിട്ടിയത്. അദാനിക്കെതിരെ നിരന്തരം പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സമ്മേളനത്തിൽ അദാനിയുടെ അറസ്റ്റ് ആവശ്യപ്പെടുമെന്ന് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിക്കഴിഞ്ഞു.
പാർലമെന്റ് സമ്മേളനത്തിൽ അദാനി വിഷയം പ്രതിപക്ഷം ഉന്നയിക്കുമെന്ന് ആർ.ജെ.ഡി രാജ്യസഭാ നേതാവ് മനോജ് ഝാ പറഞ്ഞു. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ ബി.ജെ.പി അത് തടസ്സപ്പെടുത്തുന്നത് അദാനിയെ പ്രതിരോധിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമായി ബി.ജെ.പി കണക്കാക്കുന്നത് കൊണ്ടാണെന്നും മനോജ് ഝാ പറഞ്ഞു. അദാനിയുടെ എല്ലാ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നും ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിലെ ധാരാവി പദ്ധതി കിട്ടാനും അദാനി കൈക്കൂലി നൽകിയിട്ടുണ്ടെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.
ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന ഗൗതം അദാനിയെ പ്രതിരോധിക്കാൻ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയെ പോലുള്ളവരല്ലാതെ മുതിർന്ന ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിട്ടില്ല. അമേരിക്കൻ കോടതി കുറ്റം ചുമത്തിയത് 2020 -24 കാലയളവിൽ നൽകിയ കൈക്കൂലിക്കാണെന്നും ഇക്കാലയളവിൽ പ്രതിപക്ഷം ഭരിച്ച സർക്കാറുകളാണ് അദാനിയുമായി കരാറുകളുണ്ടാക്കിയതെന്നുമാണ് മാളവ്യ ആരോപിച്ചത്. എല്ലാം അന്വേഷിക്കണമെന്നും ആരൊക്കെ ഉൾപ്പെട്ടാലും അവർക്കെതിരെയൊക്കെയും നടപടിവേണമെന്നുമാണ് രാഹുൽ ഗാന്ധി ബി.ജെ.പി ആരോപണത്തോട് പ്രതികരിച്ചത്.
സംസ്ഥാനങ്ങൾ ഭരിച്ചിരുന്നത് പ്രതിപക്ഷമെന്ന് ബി.ജെ.പി
അദാനി കോഴ വിവാദത്തിൽ കുറ്റപത്രത്തിൽ പരാമർശിച്ച സംസ്ഥാനങ്ങൾ ഭരിച്ചിരുന്നത് പ്രതിപക്ഷ പാർട്ടികളായിരുന്നുവെന്ന് ബി.ജെ.പി. കുറ്റപത്രം വായിക്കാതെയാണ് കോൺഗ്രസിന്റെ ആരോപണമെന്നും ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
ഈ കാലയളവിൽ ഒഡിഷ ഭരിച്ചിരുന്നത് ബി.ജെ.ഡിയാണ്. തമിഴ്നാട്ടിൽ ഡി.എം.കെയും ഛത്തിസ്ഗഢിൽ കോൺഗ്രസും ആന്ധ്രപ്രദേശിൽ വൈ.എസ്.ആർ.പി സർക്കാറുമായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. ബി.ജെ.പിയെ ആക്രമിക്കുന്നതിനുമുമ്പ് കോൺഗ്രസും സഖ്യകക്ഷികളും വിവിധ സംസ്ഥാനങ്ങളിൽ കൈപ്പറ്റിയ കോഴയെ കുറിച്ച് മറുപടി പറയണമെന്നും മാളവ്യ പറഞ്ഞു. അനാവശ്യമായി ആവേശം കൊള്ളരുത്. പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിനും അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുന്നതിനും തൊട്ടുമുമ്പാണ് നടപടിയെന്നത് ഏറെ ചോദ്യങ്ങളുയർത്തുന്നതാണെന്നും മാളവ്യ പറഞ്ഞു.
അദാനിയെ അറസ്റ്റ് ചെയ്യണം –രാഹുൽ ഗാന്ധി
സോളാർ പദ്ധതികൾക്ക് ഇന്ത്യയിൽ 2100 കോടി കൈക്കൂലി നൽകിയതിന് അമേരിക്കൻ കോടതി കുറ്റം ചുമത്തിയതിന് പിന്നാലെ, ഗൗതം അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷകനായതിനാൽ അദാനിയെ അറസ്റ്റ് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഏക് ഹേ തോ സേഫ് ഹേ’ (ഒന്നാണെങ്കിൽ സുരക്ഷിതം) എന്ന ബി.ജെ.പി മുദ്രാവാക്യം ചൂണ്ടിക്കാട്ടിയ രാഹുൽ പ്രധാനമന്ത്രിയും അദാനിയുമൊന്നായതിനാൽ അവർ സുരക്ഷിതരാണെന്ന് പരിഹസിച്ചു. അദാനി ഇന്ത്യൻ നിയമങ്ങളും യു.എസ് നിയമങ്ങളും ഒരുപോലെ ലംഘിച്ചുവെന്ന് അമേരിക്കൻ കോടതി കുറ്റം ചുമത്തിയതോടെ സ്ഥാപിക്കപ്പെട്ടെന്ന് രാഹുൽ പറഞ്ഞു.
ആരോപണങ്ങൾ മാത്രം -അദാനി ഗ്രൂപ്
ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും അദാനി ഗ്രീൻ എനർജിയുടെ മറ്റു ഉന്നതർക്കുമെതിരെ അമേരിക്കയിൽ ചുമത്തിയ കുറ്റങ്ങൾ കേവല ആരോപണങ്ങൾ മാത്രമാണെന്നും കുറ്റം തെളിയിക്കാത്തിടത്തോളം അവർ നിരപരാധികളാണെന്നും അദാനി ഗ്രൂപ് പ്രതികരിച്ചു. ഇക്കാര്യം യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റാരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഭരണനിർവഹണത്തിൽ ഉന്നത നിലവാരവും സുതാര്യതയും നിയന്ത്രണങ്ങളും പാലിക്കുന്ന തങ്ങൾ എല്ലാ നിയമങ്ങൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് അദാനി ഗ്രൂപ് പ്രസ്താവനയിൽ അറിയിച്ചു.
സി.ബി.ഐ അന്വേഷിക്കണം -സി.പി.എം
ഗൗതം അദാനിക്കെതിരെ യു.എസ് കോടതി അഴിമതി കുറ്റം ചുമത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. ഇത്രയും വലിയ തോതിലുള്ള കൈക്കൂലിയും സർക്കാർ ഉദ്യോഗസ്ഥരെ അദാനി വിലയ്ക്കുവാങ്ങുന്നതും അമേരിക്കൻ നീതിന്യായ വ്യവസ്ഥയിലൂടെ തുറന്നുകാട്ടേണ്ടിവന്നത് ലജ്ജാകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.