മമതയെ പിന്തുണച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ഒരു ദിവസത്തെ പ്രചാരണ വിലക്കിനെതിരെ ധർണ നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധിച്ചതിനിടയിൽ, തെരഞ്ഞെടുപ്പു കമീഷെൻറ 'ശിക്ഷ'ക്കെതിരെ ഡി.എം.കെ, ശിവസേന പാർട്ടികൾ രംഗത്ത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബി.ജെ.പിയേയും നേരിടുന്ന കോൺഗ്രസും സി.പി.എമ്മും പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കമീഷെൻറ നടപടികളിൽ അതൃപ്തിയുണ്ട്.
ബി.ജെ.പിയുടെ താൽപര്യമാണ് തെരഞ്ഞെടുപ്പു കമീഷൻ നടപ്പാക്കിയതെന്ന് ശിവസേന എം.പി സഞ്ജയ് റാവത് കുറ്റപ്പെടുത്തി. കമീഷെൻറ നടപടി ജനാധിപത്യത്തെ കടന്നാക്രമിക്കുന്നതും സ്വതന്ത്ര ഭരണഘടനാ സംവിധാനങ്ങളുടെ പരമാധികാരം അവമതിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പാർട്ടികളെയും സ്ഥാനാർഥികളെയും തുല്യമായി പരിഗണിക്കാൻ തെരഞ്ഞെടുപ്പു കമീഷന് കഴിയണമെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ ഓർമിപ്പിച്ചു.
കൊൽക്കത്തയിലെ എസ്പ്ലനേഡിലുള്ള ഗാന്ധി പ്രതിമക്കു മുന്നിലാണ് മമത വീൽചെയറിൽ എത്തി ഒറ്റക്ക് പ്രതിഷേധ ധർണ നടത്തിയത്. പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസയച്ച തെരഞ്ഞെടുപ്പു കമീഷന് ഉരുളക്ക് ഉപ്പേരി പോലെ മമത മറുപടി നൽകിയതിനു പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പു കമീഷൻ വിലക്ക്.
മമതയെ വിലക്കിയതിനു പിന്നാലെ നിഷ്പക്ഷതയുടെ മുഖം നൽകാനെന്ന വിധം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് േഘാഷിന് പെരുമാറ്റച്ചട്ട ലംഘനത്തിന് കമീഷൻ നോട്ടീസ് നൽകി. ആരെങ്കിലും അതിരുവിട്ടാൽ ഏപ്രിൽ 10ലെ വോട്ടെടുപ്പിനിടയിൽ സിതാൽകുച്ചിയിൽ സി.ഐ.എസ്.എഫ് വെടിവെച്ചതു േപാലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്ന പ്രസംഗം മുൻനിർത്തിയാണ് നോട്ടീസ്.
കേന്ദ്രസേനയുടെ കൈയിലുള്ള തോക്ക് കാഴ്ചക്ക് വേണ്ടിയാണെന്ന് കരുതിയവർക്ക് വെടിയുണ്ടയുടെ ശക്തി മനസ്സിലായി, അത് ബംഗാളിൽ ഉടനീളം ആവർത്തിക്കും, നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നവർക്ക് തക്ക മറുപടി കൊടുക്കും എന്നിങ്ങനെ നീളുന്നതായിരുന്നു ദിലീപ് ഘോഷിെൻറ പ്രസംഗം.
സുവേന്ദുവിന് ഉപദേശം മാത്രം
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയെ ഒരു ദിവസത്തെ പ്രചാരണ വിലക്കിലൂടെ ശിക്ഷിച്ച തെരഞ്ഞെടുപ്പു കമീഷന് 'മിനി പാകിസ്താൻ' പ്രയോഗം നടത്തിയ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് മൃദുസ്വരം. നന്ദിഗ്രാമിൽ മമതയുടെ എതിർ സ്ഥാനാർഥിയായിരുന്നു, പഴയ വിശ്വസ്തൻ കൂടിയായ സുവേന്ദു. മമതക്ക് വോട്ടു ചെയ്താൽ മിനി പാകിസ്താൻ ഉണ്ടാകുമെന്നായിരുന്നു നന്ദിഗ്രാമിലെ സുവേന്ദുവിെൻറ പ്രസംഗം.
പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ഇത്തരം പ്രസ്താവനകളൊന്നും നടത്തരുതെന്ന ഉപദേശം മാത്രമാണ് സുവേന്ദുവിന് കമീഷൻ നൽകിയത്. എന്നാൽ, പെരുമാറ്റച്ചട്ടം സുവേന്ദു ലംഘിച്ചതായി കമീഷൻ ഉത്തരവിൽ വ്യക്തമായി പറയുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.