മുസ്ലിം സംവരണത്തിൽ ടി.ഡി.പി; സാമൂഹിക നീതി പ്രീണനമല്ല
text_fieldsന്യൂഡൽഹി: സംവരണ വിഷയത്തിൽ ബി.ജെ.പി നയങ്ങൾക്ക് വിരുദ്ധ നിലപാടുമായി എൻ.ഡി.എ സഖ്യകക്ഷിയായ തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി). സാമൂഹ്യ നീതി പ്രീണനമല്ലെന്നും മുസ്ലിം വിഭാഗത്തിനുള്ള സംവരണം തുടരുമെന്നും അതിൽ ഞങ്ങൾ ഉറച്ചു നിൽക്കുമെന്നും ടി.ഡി.പി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം മുസ്ലിങ്ങൾക്കുള്ള സംവരണം വർഗീയമായി ചിത്രീകരിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിനാണ് സാമൂഹ്യ നീതി പ്രീണനമല്ലെന്ന നിലപാട് ടി.ഡി.പി അറിയിച്ചത്.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലായിരിക്കും പാർട്ടിയുടെ ശ്രദ്ധ. ആന്ധ്രപ്രദേശിൽ മുസ്ലിം വിഭാഗത്തിന് രണ്ട് പതിറ്റാണ്ടായി നൽകിവരുന്ന സംവരണം തങ്ങൾ തുടരുമെന്നും നാരാ ലോകേഷ് വ്യക്തമാക്കി. സഖ്യകക്ഷിയായ ബി.ജെ.പിക്ക് ഇതിനെ എതിർക്കുന്ന നയമാണെന്ന് അറിയാം.
ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നു എന്നതും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം അവർക്കാണെന്നതും ഒരു വസ്തുതയാണ്. സർക്കാർ എന്ന നിലയിൽ അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക എന്നത് ഉത്തരവാദിത്തമാണ്. രാജ്യത്തെ വികസിത രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആരെയും പിന്നിലാക്കാനാവില്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് പാർട്ടി നയമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.