അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങ് പ്രതിപക്ഷ ബഹിഷ്കരണത്തിലേക്ക്
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ഇൻഡ്യ മുന്നണിയിലെ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ ബഹിഷ്കരിച്ചേക്കും. കോൺഗ്രസിനു മുമ്പേ, സി.പി.എം ക്ഷണം നിരസിച്ചിരുന്നു. സി.പി.ഐയും ചടങ്ങിനില്ലെന്ന് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, എൻ.സി.പി, ഡി.എം.കെ തുടങ്ങിയ പാർട്ടികളും ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയെന്ന നിലയിൽ തന്നെയാണ് ചടങ്ങിനെ കാണുന്നത്. സമാജ്വാദി പാർട്ടി, ബി.എസ്.പി എന്നിവ തീരുമാനമെടുത്തിട്ടില്ലെങ്കിലും പോകാൻ ഇടയില്ല. ആം ആദ്മി പാർട്ടിക്കും ബി.ജെ.പിയുടെ മുൻ സഖ്യകക്ഷി കൂടിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും ഇനിയും ക്ഷണക്കത്ത് കിട്ടിയിട്ടില്ല.
രാമഭക്തരുടെ വികാരത്തെയും സുപ്രീംകോടതി വിധിയെയും മാനിച്ചുകൊണ്ടുതന്നെ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയെന്ന കോൺഗ്രസ് നിലപാടാണ് ഇൻഡ്യ സഖ്യത്തിലെ പല പാർട്ടികൾക്കുമുള്ളത്. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് അയോധ്യയിൽ നടപ്പാക്കുന്നതെന്ന കാര്യം ജനമധ്യത്തിൽ ചർച്ചക്ക് വെക്കാനാണ് അവരുടെ നീക്കം. അയോധ്യയിൽ എപ്പോഴും പോകാം, ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷ്ഠ ചടങ്ങിനുതന്നെ വേണമെന്നില്ലെന്ന വിശദീകരണവും വിവിധ നേതാക്കളുടെ ഭാഗത്തുനിന്ന് ഇതിനകം ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.