‘ജീതേഗ ഇന്ത്യ’യിൽ അണിനിരന്ന് പ്രതിപക്ഷ നേതാക്കൾ
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കി രാജ്യത്തെ രക്ഷിക്കാൻ രാജ്യസ്നേഹികൾ മുന്നോട്ടു വരേണ്ട സമയമാണിതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്നാൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയും.
‘ജീതേഗ ഇന്ത്യ’ പ്രചാരണത്തിന്റെ ഭാഗമായി ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക നീതി എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടു വെച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും സാമൂഹിക നീതിയും ബി.ജെ.പിയുടെ ഭരണത്തിനു കീഴിൽ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു.
ബി.ജെ.പിയെ പുറത്താക്കാൻ വിവിധ പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. രാജ്യരക്ഷക്കായി പോരാട്ടം തുടരുകയും വിജയിക്കുകയും വേണമെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ -എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ, സമാജ്വാദി പാർട്ടി പ്രതിനിധി ജാവേദ് അലിഖാൻ, യോഗേന്ദ്ര യാദവ്, സി.പി. ജോൺ തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ വാർധയിലെ സേവാഗ്രാമിൽനിന്ന് ദേശവ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. 1.25 ലക്ഷം സന്നദ്ധപ്രവർത്തകർ ഗ്രാമങ്ങൾതോറും പ്രചാരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.