കാർഷിക ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കട്ട്; പ്ലക്കാർഡുമായി റാലി
text_fieldsന്യൂഡൽഹി: രാജ്യസഭ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷപ്പാർട്ടികൾ പ്ലക്കാർഡുകളുമേന്തി പാർലമെൻറ് മന്ദിരത്തിന് മുമ്പിൽ പ്രതിഷേധിച്ചു. കർഷകർ, തൊഴിലാളികൾ, ജനാധിപത്യം എന്നിവയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ, എൻ.സി.പിയുടെ പ്രഫുൽ പട്ടേൽ, സമാജ്വാദി പാർട്ടി എം.പി ജയ ബച്ചൻ, കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പിമാരായ കെ.കെ രാജേഷ്, ജോസ് കെ. മാണി എന്നിവരടക്കമുള്ളവരും സമരത്തിൽ പങ്കെടുത്തു.
കാർഷിക ബില്ലുകൾ അടക്കമുള്ള വിഷയങ്ങളിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എട്ട് എം.പിമാരെ രാജ്യസഭയിൽ സസ്പെൻഡ് ചെയ്ത നടപടി ഇന്നലെ പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്കരണത്തിലേക്ക് എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുസഭകളും ബഹിഷ്കരിക്കാനുള്ള പുതിയ തീരുമാനം.
കർഷക ബില്ലിനുപിന്നാലെ ഇന്നലെ തൊഴിലാളി അവകാശങ്ങളുടെ ചിറകരിഞ്ഞു തയാറാക്കിയ മൂന്നു സുപ്രധാന തൊഴിൽ ചട്ടങ്ങൾ ഭരണപക്ഷത്തിെൻറ ഏകപക്ഷീയ ചർച്ചക്കു ശേഷം ലോക്സഭ 'എതിർപ്പില്ലാതെ' പാസാക്കിയിരുന്നു. വ്യവസായബന്ധ ചട്ടം, സാമൂഹിക സുരക്ഷ ചട്ടം, തൊഴിലിട സുരക്ഷ ചട്ടം എന്നീ തൊഴിൽ സംഹിതകളാണ് പ്രതിപക്ഷത്തിെൻറ അസാന്നിധ്യത്തിൽ പാസാക്കിയത്.
'നാടിനെ സംരക്ഷിക്കാൻ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒത്തുചേർന്നിരിക്കുന്നു. കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും മറന്നുള്ള ഭരണത്തിനെതിരെ, ജനാധിപത്യ വ്യവസ്ഥയെയും പാർലിമെൻറിനെയും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ രാജ്യം ഒന്നിക്കുകയാണ്' - എളമരം കരീം എം.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.