പ്രതിപക്ഷം പല വഴി; ജനം പെരുവഴി
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതു വഴി ജനം നേരിടുന്ന ദുരിതം സ്വന്തം ചേരിയില്‍പോലും കലാപമുണ്ടാക്കുമ്പോള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്തൊരുമയില്ലായ്മ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനും പിടിവള്ളിയായി. കൈയിലുള്ള നോട്ട് നിത്യചെലവിനുപോലും ഉപകരിക്കാതെ പ്രയാസപ്പെടുന്ന ജനമാകട്ടെ, 10ാം ദിവസമത്തെിയിട്ടും പെരുവഴിയില്‍.
ജനങ്ങളുടെ പോക്കറ്റില്‍ പിടിമുറുക്കുന്ന തീരുമാനങ്ങള്‍ ഓരോന്നായി ദിവസവും പുറത്തുവരുന്നുണ്ട്. പ്രശ്നം പൂര്‍ണതോതില്‍ ഏറ്റെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മാത്രം. കോണ്‍ഗ്രസും സി.പി.എമ്മും അടക്കം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ അവര്‍ പിന്നിലാക്കി. ഇതിനിടെ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിസന്ധി വകവെക്കാതെ, സ്വന്തം വീഴ്ച മറച്ചുവെക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു.
രാഷ്ട്രപതി ഭവനിലേക്ക് കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയ തൃണമൂല്‍, എ.എ.പി സമരമുഖം വ്യാഴാഴ്ചയും പാര്‍ലമെന്‍റിലെ പ്രതിഷേധത്തെ കവച്ചുവെച്ചു. മൂന്നു ദിവസത്തിനകം തീര്‍പ്പുണ്ടാക്കിയില്ളെങ്കില്‍ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് അവര്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ജനങ്ങളെ തെരുവിലിറക്കുമെന്ന സൂചനയാണ് സമരപ്രമുഖന്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയത്. സി.പി.എമ്മിനെ പിന്തള്ളാന്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
കള്ളപ്പണം, ഭീകരത തുടങ്ങിയ വിഷയങ്ങളുമായി കൂട്ടിയിണക്കി ദേശസ്നേഹത്തിന്‍െറ മേമ്പൊടിയിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നോട്ട് അസാധുവാക്കല്‍ തിരക്കഥ മുന്നോട്ടു നീങ്ങുന്നത്. മൂന്നു കാര്യങ്ങളോടും ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പൊരിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ഈ വാദത്തിന്‍െറ യുക്തി ചോദ്യം ചെയ്യുന്നതിനെക്കാള്‍ ജനങ്ങളുടെ കഷ്ടപ്പാടില്‍ മാത്രം ഊന്നല്‍ നല്‍കുന്ന പ്രതിഷേധമാണ് കോണ്‍ഗ്രസും സി.പി.എമ്മും മറ്റും പാര്‍ലമെന്‍റിലും പുറത്തും കാഴ്ചവെക്കുന്നത്.
നോട്ട് അസാധുവാക്കല്‍ പിന്‍വലിച്ചേ തീരൂ എന്ന ആവശ്യമാണ് മമതയും കെജ്രിവാളും ഉയര്‍ത്തുന്നത്. കള്ളപ്പണവും ഭീകരതയും തടയാനുള്ള സര്‍ക്കാറിന്‍െറ ശ്രമങ്ങളെ പിന്തുണക്കുമെന്നും ജനങ്ങള്‍ക്കുണ്ടായ പ്രയാസം മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. സി.പി.എമ്മാകട്ടെ, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പിന്‍വലിക്കണമെന്നല്ല, നോട്ട് വിതരണം സുഗമമാകുന്നതുവരെ മരവിപ്പിച്ചു നിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് മമതയുടെയും കോണ്‍ഗ്രസിന്‍െറയും മധ്യത്തിലുള്ള സമീപനമാണ്. പ്രക്ഷോഭത്തില്‍ ഒരുപടി മുന്നില്‍ നീങ്ങുന്ന മമതക്കും കെജ്രിവാളിനുമൊപ്പം ചേരാന്‍ കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും ‘ഈഗോ’ സമ്മതിക്കുന്നില്ല.
പശ്ചിമ ബംഗാളിലെ സാഹചര്യങ്ങള്‍ സി.പി.എമ്മിനെ പിന്തിരിപ്പിക്കുന്നു. ഡല്‍ഹിയിലും ഇനി പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയുമായി ഏറ്റുമുട്ടേണ്ട കോണ്‍ഗ്രസിനും കെജ്രിവാളുമായി ഒത്തുപോകാന്‍ പറ്റില്ല.
സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം പറ്റില്ളെന്നും പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തില്ളെന്നും ഉറച്ച ശബ്ദത്തില്‍ പറയാന്‍ ബി.ജെ.പിക്ക് ഇതുവഴി കഴിയുന്നു. സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിട്ടുകൂടി, സമരമുഖം നയിക്കാന്‍ ആളില്ലാത്തവിധം രോഷം ഉള്ളിലൊതുക്കി അച്ചടക്കത്തോടെ ജനം ഇതിനിടയില്‍ ക്യൂ തുടരുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.