ശശികലയുമായി ചർച്ച നടത്തിയ ഒ.പി.എസിന്‍റെ സഹോദരനെ എ.ഐ.എ.ഡി.എം.കെ പുറത്താക്കി
text_fieldsചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയുമായി ചർച്ച നടത്തിയ ഒ.പി രാജയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജയെ പുറത്താക്കിയതായി പാർട്ടി കോ ഓഡിനേറ്റർ ഒ. പന്നീർ ശെൽവവും കോ-കോഓഡിനേറ്റർ എടപ്പാടി പളനിസ്വാമിയുമാണ് അറിയിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാവുമായ ഒ. പന്നീർ ശെൽവത്തിന്‍റെ സഹോദരനാണ് ഒ.പി രാജ. അണ്ണാ ഡി.എം.കെയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശശികലയുമായി ചർച്ച ചെയ്തെന്ന് ആരോപിച്ചാണ് രാജക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഒ.പി രാജയെ കൂടാതെ തേനി ജില്ലയിലെ മറ്റ് മൂന്നു നേതാക്കൾക്കും എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
അണികളുമായി ആശയവിനിമയം നടത്താനായി ശശികല തമിഴ്നാടിന്‍റെ തെക്കൻ ഭാഗങ്ങളിൽ മാർച്ച് നാലു മുതൽ രണ്ടു ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ശശികലയെ ക്ഷേത്ര നഗരമായ തിരുചെന്തൂരിലേക്ക് ഒ.പി രാജ ക്ഷണിക്കുകയും അവിടെ വെച്ച് ചർച്ച നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.