ഭരണഘടനാപരമായ തടസം; ഒന്നിച്ച് തെരഞ്ഞെടുപ്പ് നടപ്പില്ലെന്ന് കമീഷൻ
text_fieldsന്യൂഡൽഹി: ലോക്സഭക്കൊപ്പം വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്താൻ ഭരണഘടനാപരവും പ്രായോഗികവുമായ തടസ്സങ്ങൾ ബാക്കിയുണ്ടെന്ന് തെരഞ്ഞെടുപ്പു കമീഷൻ. ഒറ്റ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിെൻറ ഭാഗമായി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഒരു ഡസൻ നിയമസഭ തെരഞ്ഞെടുപ്പുകളും നടത്താനുള്ള സാധ്യത ബി.ജെ.പി തേടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കമീഷൻ തടസ്സങ്ങൾ ചൂണ്ടിക്കാട്ടിയത്.
കാലാവധി പൂർത്തിയായ നിയമസഭകളിൽ യഥാസമയം തെരഞ്ഞെടുപ്പു നടത്താതെ നീട്ടിവെക്കാനും കാലാവധി എത്തുന്നതിനു മുേമ്പ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താനും ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. വോട്ടുയന്ത്രത്തിനൊപ്പം വിവിപാറ്റ് ഘടിപ്പിക്കുന്നതിനും കൂടുതൽ പൊലീസ് സേന, േപാളിങ് ഉദ്യോഗസ്ഥരുടെ വിന്യാസം തുടങ്ങിയവയിലും പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പു കമീഷണർ ഒ.പി. റാവത് വിശദീകരിച്ചു.
തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനുള്ള ശ്രമങ്ങൾക്കു കേന്ദ്രം മുതിർന്നാൽ കോടതിയെ സമീപിക്കുമെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് മുന്നറിയിപ്പു നൽകി. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പു നേരിടാൻ അതിരറ്റ ആത്മവിശ്വാസമുണ്ടെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പു നേരത്തേ നടത്താൻ കോൺഗ്രസ് ബി.ജെ.പിയെ വെല്ലുവിളിച്ചു.
ഡിസംബറിൽ നടക്കേണ്ട രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറം നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താൻ പാകത്തിൽ ലോക്സഭ നേരത്തേ പിരിച്ചുവിടുകയും ‘ജനവിരുദ്ധ ഭരണം അത്രയും നേരത്തേ അവസാനിപ്പിക്കുക’യും ചെയ്യണമെന്ന വാദമാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ‘ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തോടെ ഒരേസമയം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ കഴിഞ്ഞ ദിവസം എട്ടു പേജ് വരുന്ന പാർട്ടി നിലപാട് നിയമ കമീഷന് കൈമാറിയിരുന്നു. ഇതോടെയാണ് ഇൗ ചർച്ചകൾ ഉയർന്നുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൗ അജണ്ട മുൻനിർത്തി നിയമകമീഷൻ വിവിധ പാർട്ടികളിൽനിന്നും ബന്ധപ്പെട്ടവരിൽനിന്നും അഭിപ്രായം ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.