ഓർഡിനൻസ് വിവാദം: കെജ്രിവാളിനെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് ബി.ജെ.പി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കാനുണ്ടാക്കിയ കേന്ദ്ര ഓർഡിനൻസ്, പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പ്രതിപക്ഷത്ത് നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ബി.ജെ.പി ഡൽഹി നേതാക്കളെ രംഗത്തിറക്കി. ഡൽഹിയിലെ ബി.ജെ.പി നേതാക്കളും എം.പിമാരുമായ ഹർഷ് വർധൻ, മനോജ് തിവാരി, രമേശ് ബിദുരി, ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ട്യ തുടങ്ങിയവരാണ് കെജ്രിവാളിനെതിരായി രംഗത്തുവന്നത്.
മുമ്പ് ഡൽഹി ഭരിച്ച വിവിധ രാഷ്ട്രീയ ചിന്താധാരകളിൽപെട്ട മുഖ്യമന്ത്രിമാർ ആരും സൃഷ്ടിക്കാത്ത വിവാദമാണ് 2013ന് ശേഷം ഉണ്ടാകുന്നതെന്ന് ബി.ജെ.പി എം.പി ഹർഷ് വർധൻ ആരോപിച്ചു. മികച്ച പ്രതിഛായയുള്ള സ്വന്തം ചീഫ് സെക്രട്ടറിയെ പോലും വിശ്വാസമില്ലാത്ത ഡൽഹി മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ നിരന്തരം അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരം സംബന്ധിച്ച് വ്യക്തതയില്ലാത്ത മേഖലകളിൽ വ്യക്തത വരുത്തി നിയമം നിർമിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഓർഡിനൻസ് എന്നും ബി.ജെ.പി എം.പി മനോജ് തിവാരി അവകാശപ്പെട്ടു.
ഉദ്യോഗസ്ഥരെ പീഡിപ്പിച്ചെന്ന പരാതികൾ വ്യാജം -ഡൽഹി സർക്കാർ
ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കുനേരെ പീഡനമെന്ന് ആരോപണമുന്നയിച്ച് ലഫ്. ഗവർണർ വി.കെ. സക്സേന നടത്തുന്നത് നെറികെട്ട രാഷ്ട്രീയമാണെന്ന വിമർശനവുമായി ഡൽഹി സർക്കാർ. എട്ട് ഉദ്യോഗസ്ഥർ അരവിന്ദ് കെജ്രിവാൾ ഭരണകൂടത്തിനെതിരെ പീഡന പരാതി നൽകിയതായി ലഫ്. ഗവർണറുടെ ഓഫിസ് ശനിയാഴ്ച പറഞ്ഞിരുന്നു. പരാതികളിൽ രണ്ടെണ്ണം നേരത്തേ ലഭിച്ചതും ആറെണ്ണം സുപ്രീംകോടതി വിധി വന്ന ദിവസത്തിലുമായിരുന്നുവെന്നാണ് വിശദീകരണം.
പൊലീസ്, ഭൂമി, പൊതുക്രമ ചുമതലകളൊഴികെ സേവന മേഖലകളിൽ ഡൽഹി സർക്കാറിന് അധികാരം നൽകിയായിരുന്നു കോടതി വിധി. ഇത് മറികടക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കുകയും ചെയ്തു. പരാതികൾ വ്യാജമാണെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഓർഡിനൻസ് വഴി വിധി മറികടക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഉയർന്ന ജനരോഷത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും ആപ് സർക്കാർ കുറ്റപ്പെടുത്തി. അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് പരാതിക്കാർ. ചീഫ് സെക്രട്ടറി നരേഷ് കുമാർ, സർവിസസ് സെക്രട്ടറി ആശിഷ് മോറെ എന്നിവരും അതിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.