പ്രതിപക്ഷ ഐക്യത്തിന് ഓർഡിനൻസ് പാര
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധി മറികടക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ഡൽഹി ഓർഡിനൻസ് പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക് പാരയായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഓർഡിനൻസിനെതിരെ ബി.ജെ.പിയിതര പാർട്ടികളുടെ പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിൽ, കെജ്രിവാളിനെ പിന്തുണക്കുന്ന കാര്യത്തിൽ കോൺഗ്രസ് രണ്ടു തട്ടിൽ.
ഡൽഹിയിലെ ഉദ്യോഗസ്ഥ നിയമന-സ്ഥലംമാറ്റ അധികാരം ഡൽഹി സർക്കാറിന് നൽകിയ സുപ്രീംകോടതി വിധി മറികടക്കാനാണ് മോദിസർക്കാർ 19ന് തിരക്കിട്ട് ഓർഡിനൻസ് ഇറക്കിയത്. ആറു മാസത്തിനകം ഓർഡിനൻസ് പാർലമെന്റിൽ പാസാകണം.
കേന്ദ്രസർക്കാറിനെതിരെ ഒന്നിച്ചുനിന്ന് രാജ്യസഭയിൽ ഓർഡിനൻസ് പ്രതിപക്ഷം പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കെജ്രിവാൾ, അതിന് പിന്തുണ സമാഹരിച്ചു വരുകയാണ്. ചൊവ്വാഴ്ച കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് കൊൽക്കത്തയിലെത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പിന്തുണ തേടി.
2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണ്ട് ഓർഡിനൻസ് രാജ്യസഭയിൽ എത്തുമ്പോൾ ബി.ജെ.പിയെ തോൽപിക്കണമെന്ന് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച മമത പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം കെജ്രിവാളിനെ ചെന്നുകണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ കണ്ട നിതീഷ് കുമാർ വിഷയം സംസാരിച്ചെങ്കിലും ഓർഡിനൻസിനെ കണ്ണുമടച്ച് എതിർക്കാൻ പറ്റില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
പാർട്ടിക്കുള്ളിലും സമാന ചിന്താഗതിക്കാരായ പാർട്ടിക്കാരുമായും ചർച്ച നടത്തി പിന്നീട് നിലപാട് സ്വീകരിക്കും. കെജ്രിവാളിനെ വിശ്വസിക്കരുതെന്നും ഓർഡിനൻസിനെ കോൺഗ്രസ് എതിർക്കേണ്ടതില്ലെന്നും തുറന്നടിച്ച് ഡൽഹിയിലെ കോൺഗ്രസ് നേതാവ് അജയ് മാക്കൻ രംഗത്തിറങ്ങി.
അതേസമയം, ഓർഡിനൻസിനെതിരെ പിന്തുണ തേടി എൻ.സി.പി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരെക്കൂടി ചെന്നു കാണാനിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ.
ഓർഡിനൻസിനെ എതിർക്കാനുള്ള കാരണങ്ങൾ
• ഉദ്യോഗസ്ഥ നിയമന-സ്ഥലംമാറ്റ അധികാരം സംസ്ഥാന സർക്കാറിന് വിട്ടു കൊടുക്കണമെന്നാണ് സുപ്രീംകോടതി വിധി
• ഡൽഹി സർക്കാറിനുള്ള പ്രവർത്തന സ്വാതന്ത്ര്യത്തിന്
കേന്ദ്രസർക്കാർ കടിഞ്ഞാൺ
• ഫെഡറലിസത്തിന് എതിര്; സംസ്ഥാനങ്ങളുടെ
അവകാശം കവരുന്നു
• പ്രതിപക്ഷ സംസ്ഥാനങ്ങളെ ദുർബലമാക്കാനുള്ള
ബോധപൂർവമായ ശ്രമങ്ങളിലൊന്ന്
കോൺഗ്രസിൽ ഉയരുന്ന വാദങ്ങൾ
• ഡൽഹി സർക്കാറിന് ഈ അധികാരം ആവശ്യമില്ല;
ഭരണഘടനക്ക് രൂപം നൽകിയവരുടെ വിവേകത്തിന് എതിര്
• കോൺഗ്രസ് ഡൽഹി ഭരിച്ച കാലത്തൊന്നും ഇതിന്റെ
പേരിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
• ആപ്പിന്റെ നിലപാടുകൾ സംശയാസ്പദം
• രാജീവ് ഗാന്ധിയുടെ ‘ഭാരത രത്നം’ പിൻവലിക്കാൻ
പ്രമേയം പാസാക്കിയ കൂട്ടരാണ് ബി.ജെ.പിയും ആപ്പും
• ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ
പിന്തുണച്ചയാളാണ് കെജ്രിവാൾ
• 2020ൽ പ്രതിപക്ഷ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനാർഥിയെ ആപ് പിന്തുണച്ചില്ല
• ഗുജറാത്ത്, ഗോവ, ഹിമാചൽ പ്രദേശ്, കർണാടകം തുടങ്ങിയ സ്ഥലങ്ങളിൽ ബി.ജെ.പിയെ സഹായിക്കുന്ന വിധം കോൺഗ്രസിനെതിരെ മത്സരിച്ചവരാണ് ആപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.