മണിപ്പൂരിൽ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് സംഘടനകൾ; ഒരു കേസ് മാത്രമെന്ന് മുഖ്യമന്ത്രി
text_fieldsഇംഫാൽ: മണിപ്പൂരിൽ കലാപം ആരംഭിച്ച ശേഷം കുക്കി വിഭാഗത്തിലെ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് വിവിധ സംഘടനകൾ. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്റെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ വെളിപ്പെടുത്തൽ.
അതേസമയം, ബലാത്സംഗവുമായി ബന്ധപ്പെട്ട ഒരൊറ്റ സംഭവം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാദം. 6068 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്‍റ്റർ ചെയ്തിട്ടുള്ളതെന്നും അതിൽ ഒന്ന് മാത്രമാണ് ബലാത്സംഗ കേസെന്നും അദ്ദേഹം ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. മേയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 160ലധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യ ഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്താകമാനം പ്രതിഷേധമുയർന്നിരുന്നു. മണിപ്പൂർ കലാപത്തിൽ മിണ്ടാതിരുന്ന പ്രധാനമന്ത്രി ഇതോടെ 79 ദിവസത്തിന് ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.