ഒറീസയിൽ ക്രിസ്ത്യൻ ചർച്ച് സായുധ സംഘം തകർത്തു
text_fieldsഭുവനേശ്വർ: ഒറീസയിൽ നിർമ്മാണത്തിലിരുന്ന ക്രിസ്ത്യൻ ചർച്ച് സംഘ്പരിവാർ ബന്ധമുള്ള സായുധ അക്രമിസംഘം തകർത്തു. കൊരാപുട്ട് ജില്ലയിലെ ബോഡോഗുഡ ഗ്രാമത്തിലെ ചർച്ച് ആയുധധാരികളായ 150 ഓളം പേർ ചേർന്നാണ് പൊളിച്ചത്. ഇവിടെ വർഷങ്ങളായി ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ അതിക്രമം നടക്കുന്നതായി കട്ടക്ക്-ഭുവനേശ്വർ രൂപതയിലെ പുരോഹിതനായ ഫാ. പുരുഷോത്തം നായകിനെ ഉദ്ധരിച്ച് ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്തു.
''60 ഹിന്ദു കുടുംബങ്ങളും ഗോത്ര വിഭാഗത്തിൽപെട്ട 12 ക്രിസ്ത്യൻ കുടുംബങ്ങളുമാണ് ഗ്രാമത്തിൽ താമസിക്കുന്നത്. ക്രിസ്തുമതത്തിൽ വിശ്വസിച്ചു എന്നതിന്‍റെ പേരിൽമാത്രം ഈ കുടുംബങ്ങൾ അതിക്രമത്തിനും വിവേചനത്തിനും ഇരയാകുന്നു" -ഫാ. പുരുഷോത്തം നായക് പറഞ്ഞു. മേയ് 16 ന് നടന്ന അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്.
സംഭവത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസിയായ ദേബോ ഭായിയും പാസ്റ്റർമാരായ അയ്യൂബ് ഖോറ, ജിതേന്ദ്ര ഖോസ്ല, സുധാകർ ഖോസ്ല എന്നിവരും കോരാപുട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ''ഈ അക്രമം തുടങ്ങിയിട്ട് ഇപ്പോൾ നാലുവർഷമായി. പരാതികളിൽ പേരിന് മാത്രമാണ് അന്വേഷണം നടക്കുന്നത്. കാരണം ഇവിടെയുള്ള അധികാരികളെല്ലാം ഹിന്ദുക്കളാണ്. ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തത് വീണ്ടും വീണ്ടും അതിക്രമം നടത്താൻ പേരരണയാവുകയാണ്'' -അവർ പറഞ്ഞു.
ബോഡോഗുഡ ഗ്രാമത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ (ജി.സി.ഐ.സി) പ്രസിഡന്‍റ് സാജൻ കെ. ജോർജ് പറഞ്ഞു. "സായുധരായാണ് അക്രമിസംഘം എത്തുന്നത്. കഴിഞ്ഞ വർഷം വൃദ്ധനുൾപ്പെടെ എട്ട് ക്രിസ്തുമത വിശ്വാസികളെയാണ് ഒരു കൂട്ടം ഹിന്ദുത്വ തീവ്രവാദികൾ ക്രൂരമായി ആക്രമിച്ചത്. 75 കാരനായ ചച്ചിരി മുദുലിയുടെ വീട്ടിൽ 2020 ജൂലൈ 21 നായിരുന്നു പ്രസ്തുത അക്രമം. മതഭ്രാന്തന്മാർ വീട് നശിപ്പിച്ച ഏഴ് ക്രിസ്ത്യാനികൾക്ക് അദ്ദേഹം അഭയം നൽകിയിരുന്നു. അവരെ ക്രൂരമായി മർദിക്കുകയും കെട്ടിടം കൊള്ളയടിക്കുകയും ചെയ്തു" -സാജൻ വ്യക്തമാക്കി.
പൊലീസും അധികൃതരും അക്രമികളോടൊപ്പമാണെന്ന് ഇദ്ദേഹം പറയുന്നു. "ഈ സംഭവത്തിൽ ഇരകളായ ക്രിസ്ത്യാനികൾ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല പരാതിപ്പെട്ട ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുള്ള അക്രമികൾക്ക് പൊലീസിന്‍റെ ഈ നിലപാട് വളംവെച്ചുകൊടുക്കുന്നതാണ്. ദുർബലരായ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിന് ഇത് കൂടുതൽ പ്രേരണയാകും. ക്രമസമാധാന പ്രശ്നത്തിനൊപ്പം മതസ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഗുരുതരമായ വിഷയവും ഇതിലുണ്ട്." -സാജൻ കെ. ജോർജ് പറഞ്ഞു.
ക്രിസ്ത്യൻ പുരോഹിതനായ ഗ്രഹാം സ്റ്റെയിനെയും മക്കളെയും വാനിലിട്ട് ചുട്ടെരിച്ച് കൊന്ന കാന്ധമാലിൽനിന്ന് 270 കി.മീറ്റർ അകലെയാണ് ഇപ്പോൾ അതിക്രമം നടക്കുന്ന കൊരാപുട്ട് ജില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.