ദത്തെടുത്ത മാതാപിതാക്കളുടെ മരണം വീണ്ടും അനാഥനാക്കിയ 16കാരനെ ഹരിയാന സർക്കാർ സംരക്ഷിക്കും
text_fieldsചണ്ഡീഗഢ്: ദത്തെടുത്ത മാതാപിതാക്കളുടെ മരണം വീണ്ടും അനാഥനാക്കിയ 16കാരനെ ഹരിയാന സർക്കാർ സംരക്ഷിക്കും. അഭയ കേന്ദ്രത്തിലെത്തി കുട്ടിയെ സന്ദർശിച്ച ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഭാവിയിലെ എല്ലാവിധ ചെലുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചു.
ഭിന്നശേഷിക്കാരനായ വിശാലാണ് ദത്തെടുത്ത മാതാപിതാക്കളുടെ മരണത്തോടെ വീണ്ടും അനാഥനായത്. വിശാലിന് കാഴ്ചയും സംസാരശേഷിയുമില്ല. ഗുരുഗ്രാമിലെ ദീപാശ്രം എന്ന അഭയകേന്ദ്രത്തിലാണ് വിശാൽ ഇപ്പോഴുള്ളത്.
ഫരീദാബാദിലെ ദമ്പതികൾ മക്കളില്ലാത്ത സങ്കടം നികത്താനായാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അങ്ങനെ, കാഴ്ചയും സംസാരശേഷിയുമില്ലാത്ത ആൺകുഞ്ഞിനെ ഇവർ ദത്തെടുത്തു വളർത്തി. എന്നാൽ, കോവിഡ് മഹാമാരി ഒരു വേട്ടക്കാരനായി ഇവരിലേക്കെത്തിയതോടെ ജീവിതം ദുരന്തമായി മാറുകയായിരുന്നു.
കോവിഡ് ബാധിച്ച പിതാവ് മേയ് 14ന് മരണമടഞ്ഞു. അതീവ ദുഖിതയായ മാതാവ് മേയ് 22ന് ആത്മഹത്യ ചെയ്തു. ഇതോടെ, ഭിന്നശേഷിക്കാരനായ ആ 16കാരൻ വീണ്ടും അനാഥനായി. വളർത്തച്ഛനും അമ്മയും ആഴ്ചകൾക്കുള്ളിൽ വിട്ടുപോയതോടെ അസുഖബാധിതനായ വിശാലിനെ ദീപാശ്രം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഞെട്ടലിൽ നിന്ന് അവൻ പൂർണമായും മുക്തനായിട്ടില്ലെന്ന് ആശ്രമം അധികൃതർ പറയുന്നു. പേര് വിളിക്കുമ്പോൾ ചിരിക്കും. ശാന്തനാണ്. ഭക്ഷണം കഴിക്കുന്നുണ്ട് -ഇവർ പറഞ്ഞു. രക്ഷിതാക്കളുടെ മരണത്തിന് പിന്നാലെ രണ്ട് ദിവസം ആശുപത്രിയിലായിരുന്നു കുട്ടി.
പിതാവ് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ അമ്മയോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരോടെല്ലാം വീടുകളിലേക്ക് മടങ്ങാൻ അമ്മ തന്നെ നിർദേശിക്കുകയായിരുന്നു. അടുത്ത ദിവസമാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പാർട്ടി പ്രവർത്തകരാണ് വിശാലിനെ കുറിച്ച് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർപറഞ്ഞു. കോവിഡ് അനാഥരാക്കിയ കുട്ടികളെ സംരക്ഷിക്കാൻ പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.