ഓറൽ റീഹൈഡ്രേഷൻ ചികിത്സക്ക് തുടക്കമിട്ട ഡോ. ദിലീപ് മഹലനാബിസ് അന്തരിച്ചു
text_fieldsകൊൽക്കത്ത: നിർജലീകരണത്തിനുള്ള ചികിത്സാരീതിയായ ഓറൽ റീഹൈഡ്രേഷൻ തെറാപ്പിയുടെ വികസനത്തിന് നിർണായക സംഭാവന നൽകിയ ഡോക്ടറും ഗവേഷകനുമായ ദിലീപ് മഹലനാബിസ് (88) അന്തരിച്ചു. ശ്വാസകോശ അണുബാധയും മറ്റ് വാർധക്യ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
ശിശുരോഗവിദഗ്ധനായിരുന്ന മഹലനാബിസ് കൊൽക്കത്തയിലെ ജോൺ ഹോപ്കിൻസ് യൂനിവേഴ്‌സിറ്റി ഇന്റർനാഷണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ചിൽ ഗവേഷകനായിരിക്കെ 1966ൽ ഡോ. ഡേവിഡ് ആർ. നളിൻ, ഡോ. റിച്ചാർഡ് എ. കാഷ് എന്നിവർക്കൊപ്പം ചേർന്നാണ് ഒ.ആർ.എസ് (ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ) വികസിപ്പിച്ചത്. 1971ൽ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് പശ്ചിമ ബംഗാളിലെ ബൊംഗോവാനിലെ അഭയാർഥി ക്യാമ്പിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒ.ആർ.എസ് (ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ) ഉപയോഗിച്ച് ആയിരക്കണക്കിന് രോഗികളുടെ ജീവൻ രക്ഷിച്ചാണ് ലോകശ്രദ്ധ നേടിയത്.
അഭയാർഥി ക്യാമ്പുകളിലെ രോഗികളുടെ മരണനിരക്ക് 30 ശതമാനത്തിൽനിന്ന് 3 ശതമാനമായി കുറഞ്ഞതോടെ ലളിതവും ചെലവുകുറഞ്ഞതുമായ ചികിത്സാരീതിക്ക് വ്യാപക സ്വീകാര്യത ലഭിച്ചു. പിന്നീട് 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വൈദ്യശാസ്ത്ര കണ്ടുപിടിത്തമായിത് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.