ഒാർത്തഡോക്സ് വിഭാഗത്തെ മോദി തിങ്കളാഴ്ച കണ്ടു; യാക്കോബായ വിഭാഗത്തെ ഇന്നു കാണും
text_fieldsന്യൂഡൽഹി: കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സഭ തർക്കത്തിൽ ഇടപെട്ട് ക്രിസ്തീയ സഭകളുമായി അടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച തുടങ്ങി.ബി.ജെ.പി മുൻ കേരള അധ്യക്ഷനും മിസോറം ഗവർണറുമായ പി.എസ്. ശ്രീധരൻ പിള്ള മുൻകൈയെടുത്താണ് കേരളത്തിലെ ക്രൈസ്തവ സഭകളെ മോദിക്കു മുന്നിൽ സംഭാഷണത്തിനായി ഇരുത്തിയത്.
തിങ്കളാഴ്ച ഒാർത്തഡോക്സ് സഭ നേതാക്കളെ കണ്ട നരേന്ദ്ര മോദി അവരുമായി തർക്കത്തിലുള്ള യാക്കോബായ വിഭാഗത്തിെൻറ പ്രതിനിധികളുമായി ചൊവ്വാഴ്ച ചർച്ച നടത്തും. തർക്കത്തിലില്ലാത്ത കത്തോലിക്ക വിഭാഗത്തെ അതിനുശേഷവും മോദി കാണും.
മലങ്കര തർക്കത്തിൽ സുപ്രീംകോടതി വിധി നിലനിൽക്കെ അതിനു പുറത്ത് മെറ്റാരു പരിഹാരവുമില്ലെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഒാർത്തഡോക്സ് സഭ വൈദികർ മാധ്യമങ്ങളോടു പറഞ്ഞു.സഭ തർക്കത്തിൽ ഒാർത്തഡോക്സ് വിഭാഗത്തിെൻറ നിലപാട് ശരിവെച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും സഭ ഒന്നാവുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി. നിയമ നിർമാണത്തിനായി സംസ്ഥാന സർക്കാറിനുമേൽ യാക്കോബായ വിഭാഗം സമ്മർദം ചെലുത്തുന്നുണ്ട് എന്ന പരാതി ഒാർത്തഡോക്സ് വിഭാഗത്തിനുണ്ട്.
സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമ ഭേദഗതി അംഗീകരിക്കാനാവില്ലെന്നും അത്തരമൊരു നപടി അരാജകത്വം സൃഷ്ടിക്കുമെന്നും സഭ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.ജനഹിത പരിശോധനയിലൂടെ സഭയിൽ വിഭജനം നടത്തണമെന്ന് പറയുന്നതിന് യാക്കോബായ വിഭാഗത്തിന് നിയമപരമായ സാധുതയില്ല. അതുവഴി അവർക്ക് നഷ്ടമാണുണ്ടാവുക. സഭ യോജിച്ചുപോകണം. അതിനുള്ള അടിസ്ഥാന രേഖ സുപ്രീംകോടതി വിധിയാണ്.
ശ്രീധരൻ പിള്ളക്കൊപ്പമാണ് മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ദിയസ്കോറോസ്, തോമസ് മാർ അത്താനാസിയോസ്, യുഹാനോൻ മാർ ദെമത്രയോസ് എന്നിവർ ഒാർത്തഡോക്സ് വിഭാഗത്തെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രിയുമായുള്ള ചർച്ചക്കെത്തിയത്.
ചൊവ്വാഴ്ച യാക്കോബായ സഭ പ്രതിനിധികളെയും ശ്രീധരൻ പിള്ള പ്രധാനമന്ത്രിക്ക് മുന്നിലെത്തിക്കും.സഭയുമായി നല്ല ബന്ധമുള്ള ബി.ജെ.പി നേതാവായ ശ്രീധരൻ പിള്ളയാണ് സഭ തർക്കത്തിൽ ഇടപെടാനുള്ള നിർദേശം മോദിയുടെ മുന്നിൽവെച്ചത്.മോദി അംഗീകരിച്ചതോടെ അവരെ ഡൽഹിയിലെത്തിച്ച് ചർച്ചക്കു വഴിയൊരുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.