ജെല്ലിക്കെട്ട് സമരത്തില്‍ ഉസാമയുടെ ചിത്രം ഉയര്‍ത്തിയെന്ന് പന്നീര്‍സെല്‍വം
text_fieldsചെന്നൈ: ജെല്ലിക്കെട്ട് വിലക്ക് നീക്കണമെന്ന ആവശ്യവുമായി മറീന ബീച്ചില്‍ നടന്ന പ്രക്ഷോഭത്തില്‍ രാജ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറിയതായി മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം നിയമസഭയില്‍ വ്യക്തമാക്കി. അല്‍ഖാഇദ തലവന്‍, കൊല്ലപ്പെട്ട ഉസാമ ബിന്‍ലാദിന്‍െറ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും പ്രത്യേക തമിഴ്രാഷ്ട്രം എന്ന ആവശ്യം ഉയര്‍ന്നതായും റിപ്പബ്ളിക് ദിനാഘോഷം ബഹിഷ്കരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസ് ബലപ്രയോഗം സംബന്ധിച്ച പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി സമരം ചെയ്ത ജനങ്ങളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുണ്ടായ കാരണം എന്തെന്ന് സ്റ്റാലിന്‍ ചോദിച്ചു. സാമൂഹികവിരുദ്ധരും സംഘടനകളും നുഴഞ്ഞുകയറി പ്രക്ഷോഭം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായ പൊലീസ് ന്യായീകരണം പന്നീര്‍സെല്‍വവും ആവര്‍ത്തിച്ചു. സമരത്തില്‍ ഇടപെടാന്‍ ശ്രമിച്ച ദുഷ്ടശക്തികളെ പൊലീസ് തിരിച്ചറിഞ്ഞു. പരേഡ് തടസ്സപ്പെടുത്താന്‍ റിപ്പബ്ളിക് ദിനം വരെ സമരം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി കൂട്ടായ്മയിലുള്ള ചിലര്‍ വ്യക്തമാക്കിയത് പന്നീര്‍സെല്‍വം ഓര്‍മിപ്പിച്ചു. റിപ്പബ്ളിക് ദിനത്തില്‍ കരിങ്കൊടി ഉയര്‍ത്തി അസ്വാരസ്യം സൃഷ്ടിക്കാന്‍ തീവ്ര നിലപാടുകാര്‍ ശ്രമിച്ചിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് അഴിഞ്ഞാട്ടം സംബന്ധിച്ച് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ യഥാര്‍ഥ്യമാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കുപ്പികളും പെട്രോള്‍ ബോംബുകളായി അക്രമം അഴിച്ചുവിട്ടവരെ ചെറിയ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പൊലീസ് പ്രതിരോധിച്ചതെന്ന് പന്നീര്‍സെല്‍വം പറഞ്ഞു. പൊലീസ് ബലപ്രയോഗം സിറ്റിങ് ഹൈകോടതി ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍െറ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതിനെതുടര്‍ന്ന് ഡി.എം.കെ എം.എല്‍.എമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.