രാജീവ് വധക്കേസിലെ മറ്റു പ്രതികൾക്കും ജാമ്യത്തിന് വഴിയൊരുങ്ങുന്നു
text_fieldsചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കേസിലെ മറ്റു ആറ് പ്രതികൾക്കും ജയിൽമോചനത്തിന് വഴിയൊരുങ്ങുന്നു. വി. ശ്രീഹരൻ എന്ന മുരുകൻ, ടി. സുധേന്ദ്രരാജ എന്ന ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ, നളിനി എന്നിവരാണ് മറ്റു പ്രതികൾ.
മൂന്ന് ദശാബ്ദം നീണ്ട ജയിൽവാസത്തിലെ നല്ലനടപ്പ് പരിഗണിച്ചാണ് പേരറിവാളന് ബുധനാഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മറ്റു പ്രതികളുടെ പേരിലും പറയത്തക്ക പരാതികൾ ഇല്ലാത്ത സാഹചര്യത്തിൽ പേരറിവാളന്റെ ജാമ്യ ഉത്തരവിന്‍റെ ചുവടുപിടിച്ച് കോടതിയെ സമീപിച്ചാൽ ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്നാണ് പ്രതികളുടെ അഭിഭാഷകരായ പ്രഭുവും ശിവകുമാറും അഭിപ്രായപ്പെട്ടത്.
'91 മേയ് 21നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീപെരുമ്പത്തൂരിൽവെച്ച് ചാവേർ സ്ഫോടനത്തിൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ എൽ.ടി.ടി.ഇ പ്രവർത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷക്ക് വിധിച്ചു. 1999ൽ സുപ്രീംകോടതി 19 പ്രതികളെ വിട്ടയച്ചു. ഏഴുപേരെ ശിക്ഷിച്ചു. നളിനിയടക്കം നാലുപേരുടെ വധശിക്ഷ ശരിവെച്ചു. 2014ൽ ശാന്തൻ, പേരറിവാളൻ, മുരുകൻ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. പിന്നീട് സോണിയഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നളിനിയുടെ വധശിക്ഷ തമിഴ്നാട് ഗവർണർ ജീവപര്യന്തമായി കുറച്ചു.
വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സർക്കാർ നിലപാട്. 2014ൽ ജയലളിത സർക്കാർ ഏഴു പ്രതികളെയും വിട്ടയക്കാൻ ശിപാർശ നൽകി. എന്നാൽ യു.പി.എ സർക്കാർ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസിൽ സംസ്ഥാന സർക്കാറിന് ഏകപക്ഷീയ തീരുമാനമെടുക്കാനാവില്ലെന്ന് കേന്ദ്രം വാദിച്ചു. പിന്നീട് ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം തമിഴ്നാട് സർക്കാറിന്റെ ശിപാർശയിന്മേൽ തടവുകാരെ വിട്ടയക്കാൻ ഗവർണർക്ക് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2018 സെപ്റ്റംബറിൽ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന തമിഴ്നാട് മന്ത്രിസഭ യോഗ തീരുമാനം ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. എന്നാൽ ഗവർണർ നടപടിയെടുക്കാതിരിക്കുകയും പിന്നീട് ഫയൽ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് പേരറിവാളൻ സ്വന്തംനിലയിൽ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.