ഗുജറാത്ത് ഗവ. ആശുപത്രിയിൽ കുത്തിവെപ്പിന് ഒ.ടി.പി; ഉടൻ ഫോണിൽ മെസ്സേജ് 'നിങ്ങൾ ബി.ജെ.പിയിൽ അംഗമായിരിക്കുന്നു, നന്ദി' -VIDEO
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ ഫോണിൽ ഒ.ടി.പി നൽകി ബി.ജെ.പി അംഗത്വമെടുപ്പിക്കുന്നതായി ആരോപണം. രോഗികളുടെ അറിവോടുകൂടെയല്ലാതെയാണ് ഈ അംഗത്വമെടുപ്പിക്കൽ. ഇത്തരത്തിൽ അംഗത്വമെടുപ്പിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മെഹ്സാനയിലെ വിസ്നഗർ സിവിൽ ആശുപത്രിയിലാണ് സംഭവം. വികുംഭ് ദർബാർ എന്നയാളാണ് തന്‍റെ ഭാര്യയെയും കൊണ്ട് ആശുപത്രിയിലെത്തിയത്. ഭാര്യക്ക് കുത്തിവെപ്പെടുക്കാനുണ്ടായിരുന്നു. കുത്തിവെപ്പെടുക്കാൻ ചെന്നപ്പോൾ ഫോണിൽ വന്ന ഒ.ടി.പി നൽകാൻ ആശുപത്രി ജീവനക്കാരൻ ആവശ്യപ്പെട്ടു. കുത്തിവെപ്പിന് ഒ.ടി.പി വേണമെന്നാണ് ഇയാൾ പറഞ്ഞത്. ഒ.ടി.പി നൽകിയതും, 'ബി.ജെ.പിയിൽ അംഗത്വമെടുത്തതിന് നന്ദി' എന്ന് പറഞ്ഞ് വികുംഭിന്‍റെ ഫോണിൽ മെസ്സേജ് വന്നു. ഇതോടെ, തന്‍റെ സമ്മതമില്ലാതെ ഒ.ടി.പി ദുരുപയോഗം ചെയ്ത് ബി.ജെ.പി അംഗത്വമെടുപ്പിച്ചതിനെ ഇയാൾ ചോദ്യംചെയ്തു.
വികുംഭ് ജീവനക്കാരനുമായി വാക്കേറ്റമുണ്ടായി. മെഡിക്കൽ ഓഫിസറെ കണ്ടും സംഭവം അറിയിച്ചു. താൻ ഒ.ടി.പി വാങ്ങിയിട്ടില്ലെന്നായിരുന്നു ജീവനക്കാരൻ ആദ്യം പറഞ്ഞത്. എന്നാൽ, തെളിവുകൾ കാണിച്ചതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സംഭവത്തിൽ വിശദീകരണം തേടി നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറുൽ പട്ടേൽ പറഞ്ഞു. ബി.ജെ.പി രാജ്യവ്യാപകമായി പ്രാഥമിക അംഗത്വ കാമ്പയിൽ നടപ്പാക്കുന്നതിനിടെയാണ് സംഭവമുണ്ടായിരിക്കുന്നത്. നേരത്തെ, ഗുജറാത്തിലെ ഭാവ്നഗറിൽ ബി.ജെ.പി നേതാവ് അംഗത്വമെടുക്കുന്നതിന് പണം വാഗ്ദാനം ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.