പാക് അധീന കശ്മീർ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി
text_fieldsബുദ്ഗാം: പാക് അധീന കശ്മീർ തിരിച്ചു പിടിക്കുകയാണ് കേന്ദ്ര സർക്കാറിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 1947ൽ ബുദ്ഗാം വിമാനത്താവളത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമ ലാൻഡിങ് ഓപറേഷനുകളുടെ സ്മരണക്കായി ശ്രീനഗറിൽ നടന്ന 'ശൗര്യ ദിവസ്' ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
1994 ഫെബ്രുവരി 22ന് പാർലമെന്‍റ് പാസാക്കിയ പാക് അധീന കശ്മീരിലെ ഗിൽജിത്, ബാൾട്ടിസ്താൻ തുടങ്ങിയ കശ്മീരിന്‍റെ ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചു പിടിക്കാനുള്ള പ്രമേയം ഏകകണ്ഠമായി നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച കരസേന സൈനികർക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കും പ്രതിരോധ മന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
സൈനികരുടെ വീര്യവും ത്യാഗവും കൊണ്ടാണ് ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിന്നതെന്നും ഭാവിയിലും അത് തുടരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. സൈനികർ സ്ഥാപിച്ച ശക്തമായ അടിത്തറയിലാണ് ഇന്ന് രാജ്യം തലയുയർത്തി നിൽക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് ഏറ്റവും വലിയ മഹത്വം. 1947ലെ സംഭവം അത്തരത്തിലുള്ള ഒന്നാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
പാകിസ്താൻ അനധികൃതമായി കൈയടക്കിയ ചില പ്രദേശങ്ങൾ ഇപ്പോഴും ആ പുരോഗതി കൈവരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വികസനവും സമാധാനവും നഷ്ടപ്പെട്ടിരുന്നു. മുമ്പ് ചില ഇന്ത്യാ വിരുദ്ധർ മതത്തിന്റെ പേരിൽ സമാധാനവും സൗഹാർദവും തകർക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാറിന്‍റെയും സേനയുടെയും നിരന്തര ശ്രമങ്ങൾ വഴി ജമ്മു കശ്മീരിൽ സമാധാനവും സമാധാനവും ഉണ്ടെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
1947 ഒക്ടോബർ 27ന് മഹാരാജ ഹരി സിങ്ങും ഇന്ത്യ ഗവൺമെന്‍റും തമ്മിൽ കരാർ ഒപ്പുവെച്ച ശേഷം ജമ്മു കശ്മീരിൽ നിന്ന് പാകിസ്താൻ സേനയെ തുരത്താൻ കരസേന സൈനികരെ വ്യോമസേന ബുദ്ഗാം വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ വ്യോമ ലാൻഡിങ് ഓപറേഷനുകളുടെ സ്മരണക്കായി ഒക്ടോബർ 27 'ഇൻഫൻട്രി ഡേ'യായാണ് ആഘോഷിക്കുന്നത്. 75 വർഷം മുമ്പ് പാകിസ്താനെ പാഠം പഠിപ്പിച്ച റെജിമെന്റാണ് 46 ആർ.ആർ ബറ്റാലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.