തീവ്രവാദത്തിന്റെ ഇരുണ്ട വശങ്ങൾ പണ്ടേ അനുഭവിച്ചവരാണ് ഇന്ത്യക്കാർ-മോദി
text_fieldsന്യൂഡൽഹി: ആക്രമണം നടക്കുന്നത് എവിടെയാണെന്ന് നോക്കി അതിനെതിരായ പ്രതികരണത്തിന്റെ മൂർച്ച നിർശ്ചയിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാതരത്തിലുള്ള തീവ്രവാദ ആക്രമണങ്ങളും ഒരുപോലെ എതിർക്കപ്പെടേണ്ടതും നടപടി സ്വീകരിക്കേണ്ടതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള ഭീഷണിയെ കൈകാര്യം ചെയ്യുമ്പോൾ അവ്യക്തത പാടില്ല. തീവ്രവാദം മനുഷ്യത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംസ്കാരത്തിന്റെയും മേലുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള ഫണ്ട് രൂപീകരണത്തിനായി ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര മന്ത്രിതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ലോകം തീവ്രവാദത്തെ ഗൗരവമായി കാണുന്നതിന് മുമ്പ് തന്നെ അതിന്റെ ഇരുണ്ട വശങ്ങൾ അനുഭവിച്ചവരാണ് ഇന്ത്യക്കാരെന്ന് അദ്ദേഹം പറഞ്ഞു. ദശകങ്ങളായി പല പേരിലും രൂപത്തിലും തീവ്രവാദം ഇന്ത്യയുടെ വേട്ടയാടാൻ ശ്രമിക്കുന്നു. ഇന്ത്യക്ക് വിലയേറിയ ആയിരക്കണക്കിന് ജീവനുകൾ നഷ്ടമായി. പക്ഷേ, നാം തീവ്രവാദത്തിനെതിരെ ധൈര്യപൂർവം പോരാടി. ഒരാൾക്ക് നേരെയുണ്ടാകുന്ന ഒരു ആക്രമണം പോലും വളരെ വലുതാണെന്ന് നാം തിരിച്ചറിയുന്നു. നഷ്ടമാകുന്ന ഒരോ ജീവനും വിലയേറിയതാണ്. അതിനാൽ തീവ്രവാദം വേരോടെ പിഴുതെറിയും വരെ നാം വിശ്രമിക്കരുത്. ചില രാജ്യങ്ങൾ അവരുടെ വിദേശ നയത്തിന്റെ ഭാഗമായി തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നും മോദി പറഞ്ഞു.
തീവ്രവാദ വിരുദ്ധ യോഗത്തിൽ പങ്കെടുക്കാത്ത പാകിസ്താനെയും അഫ്ഗാനിസ്താനെയും പരോക്ഷമായി പരാമർശിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇത്തരം രാജ്യങ്ങൾ രാഷ്ട്രീയമായും ആശയപരമായും സാമ്പത്തികമായും തീവ്രവാദത്തെത പിന്തുണക്കുന്നു. തീവ്രവാദം ദീർഘകാലത്തേക്ക് രാജ്യത്തിന്റെ പ്രദേശിക സാമ്പത്തിക വ്യവസ്ഥയെ തകർക്കും. എല്ലാക്കാലവും ഭീഷണിയുടെ നിഴലിലുള്ള പ്രദേശം ആരും ഇഷ്ടപ്പെടില്ല. അതിനാൽ തന്നെ അവിടെയുള്ള ജനങ്ങളുടെ ജീവിതം ദുരിതത്തിലാവും. തീവ്രവാദ ഫണ്ടിങ്ങിന്റെ വേരറുക്കുകയാണ് ഏറ്റവും പ്രധാനം -മോദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.