2024ൽ ബി.ജെ.പിയെ പുറത്താക്കുന്നതാകും രാജ്യസ്നേഹത്തോടുള്ള ഏറ്റവും വലിയ പ്രവൃത്തി - അരവിന്ദ് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രവൃത്തിയായിരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ന്യൂഡൽഹിയിലെ പാർട്ടി വോളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പിക്ക് രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാമായിരുന്നുവെന്നും എന്നാൽ സർക്കാരിന് അതിന് സാധിച്ചില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ അന്തരീക്ഷം എല്ലാ മേഖലയിലും മോശമായിരിക്കുകയാണ്. ഇത്രയും തീവ്രമായ ധ്രുവീകരണം സമൂഹത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല. ഇത്രയധികം കലഹങ്ങളും അക്രമവും അഴിമതിയും കൊള്ളയും കൊലയും രാജ്യത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതാകും രാജ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രവർത്തി. ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താക്കിയാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ. ഇതുവരെ അവർ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പക്ഷേ ആ തീരുമാനങ്ങൾ എന്തിനാണ് എടുത്തതെന്ന് ആർക്കും മനസ്സിലാകുന്നില്ല. 2016ലെ നോട്ട് നിരോധനം മൂലം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കുറഞ്ഞത് 10 വർഷമെങ്കിലും പിന്നോട്ട് പോയി. ജനങ്ങളുടെ ജോലി നഷ്ടപ്പെട്ടു. ബിസിനസുകളും ഫാക്ടറികളും അടച്ചുപൂട്ടി. ചരക്ക് സേവന നികുതി ആർക്കും മനസിലാക്കാനാകാത്ത വിധം സങ്കീർണമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെയും സി.ബി.ഐയെയും പല വൻകിട വ്യവസായികൾക്കും പിന്നിൽ നിർത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥർ അവർക്കായി പ്രവർത്തിക്കേണ്ട അവസ്ഥയിലാണ്. തെറ്റ് ചെയ്യുന്നവരുടെ അഭയകേന്ദ്രമായി ബി.ജെ.പി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മോഷണത്തിലോ ഗുണ്ടാ പ്രവർത്തനങ്ങളിലോ പീഡനത്തിലോ പ്രതിയായ ആരെങ്കിലും ബി.ജെ.പിയിൽ ചേർന്നാൽ പിന്നെ ഒരു അന്വേഷണ ഏജൻസിയും അവരെ തൊടാൻ ധൈര്യപ്പെടില്ല. കള്ളന്മാരും ഗുണ്ടകളും സ്ത്രീകളെ പീഡിപ്പിക്കുന്നവരും എല്ലാം അവരുടെ പാർട്ടിയിലുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയുമാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നും കെജ്രിവാൾ പറഞ്ഞു.
ഇതുവരെ ബി.ജെ.പിക്കെതിരെ വിജയിക്കാൻ ബദലില്ലെന്ന് ജനങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് എല്ലാവരും ഇൻഡ്യ സഖ്യത്തെ ഒരു ബദലായി കാണുന്നുണ്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് വളരെ പ്രധാനമാണ്. ബി.ജെ.പി വീണ്ടും വിജയിച്ച് ഇനിയൊരു അഞ്ച് വർഷം കൂടി തിരിച്ചുവന്നാൽ അവർ രാജ്യത്തെ പൂർണ്ണമായും നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.