ഒന്നിച്ച് മുന്നോട്ട്; മോദിക്കെതിരെ ഒന്നിച്ചു നീങ്ങാൻ പ്രതിപക്ഷം
text_fieldsപട്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറന്തള്ളുക എന്ന പൊതുലക്ഷ്യത്തിനായി ഒന്നിച്ചുനീങ്ങാൻ ഉറച്ച് പ്രതിപക്ഷം. 17 പാർട്ടികളുടെ നേതാക്കൾ അണിനിരന്ന യോഗം തുടർനടപടികൾ ആവിഷ്കരിക്കാൻ അടുത്ത മാസം രണ്ടു ദിവസം ഷിംലയിൽ ഒത്തുചേരാൻ തീരുമാനിച്ചു. കോൺഗ്രസ് ആതിഥ്യം വഹിക്കും.
ജനതദൾ-യു, ആർ.ജെ.ഡി നേതാക്കളുടെ സംഘാടനത്തിൽ പട്നയിൽ നടന്ന യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതു പാർട്ടികൾ, ആം ആദ്മി പാർട്ടി എന്നിവ ആശയപരമായ ഭിന്നതകൾ മാറ്റിവെച്ച് പങ്കെടുത്തത് അപൂർവതയായി. ഒന്നിച്ചുനിന്ന് ബി.ജെ.പിയെ തോല്പിക്കാനുള്ള നിശ്ചയയദാർഢ്യം പ്രകടമാക്കിയാണ് നാലു മണിക്കൂർ നീണ്ട ചർച്ചക്കു ശേഷം നേതൃനിര പിരിഞ്ഞത്.
ജൂലൈ 10,11 തീയതികളിൽ ഷിംലയിൽ യോഗം ചേരാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും വേറിട്ട തെരഞ്ഞെടുപ്പു തന്ത്രങ്ങൾ, കഴിയുന്നത്ര സ്ഥലങ്ങളിൽ ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാർഥി, പൊതു കാര്യപരിപാടി തുടങ്ങി പ്രതിപക്ഷ ഐക്യത്തിന്റെ പ്രായോഗിക വഴികളെക്കുറിച്ച് ഈ യോഗത്തിലാണ് വിശദ ചർച്ച നടക്കുക.
വിവിധ പാർട്ടികൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ വേണമെന്ന് പട്ന യോഗം പൊതുധാരണയിലെത്തി. മോദിസർക്കാറിന്റെ വിഭാഗീയ അജണ്ടകളെ പരാജയപ്പെടുത്തി ഇന്ത്യയെന്ന ആശയം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ പ്രാരംഭ വേദിയാണ് പട്നയെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻമുഖ്യമന്ത്രി ലാലു പ്രസാദ് എന്നിവർക്കു പുറമെ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), എം.കെ സ്റ്റാലിൻ -ഡി.എം.കെ, ശരദ് പവാർ -എൻ.സി.പി, സീതാറാം യെച്ചൂരി -സി.പി.എം, ഉദ്ധവ് താക്കറെ -ശിവസേന, അരവിന്ദ് കെജ്രിവാൾ -ആം ആദ്മി പാർട്ടി, അഖിലേഷ് യാദവ് -സമാജ്വാദി പാർട്ടി, ഉമർ അബ്ദുല്ല -നാഷനൽ കോൺഫറൻസ്, മഹ്ബൂബ മുഫ്തി -പി.ഡി.പി, ഡി. രാജ -സി.പി.ഐ, ദീപാങ്കർ ഭട്ടാചാര്യ -സി.പി.ഐ (എം.എൽ), ഹേമന്ദ് സോറൻ -ജെ.എം.എം തുടങ്ങിയവരാണ് പട്ന യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.