ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരേ ‘ആക്രമണ ശ്രമം’; പാഞ്ഞടുത്ത് ബൈക്കുകളിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsപട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയില്‍നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിനുനേരെ ബൈക്കുകൾ പാഞ്ഞടുത്തു. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ രണ്ട് ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകൾ പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
വ്യാഴാഴ്ച്ച രാവിലെ സിവിൽ ലൈനിലാണ് സംഭവം. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അദ്ദേഹത്തിന്റെ വസതിക്ക് സമീപത്തേക്കെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നാണ് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുംവിധം സമീപത്തേക്ക് എത്തിയത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
നേരത്തേയും നിരവധി തവണ നിതീഷ് കുമാറിന് സുരക്ഷാ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിന് പോയപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.