കശ്മീർ ടൈംസ് ശ്രീനഗർ ഓഫിസ് അടച്ചുപൂട്ടിച്ചു; വ്യാപക പ്രതിഷേധം
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് പേരുകേട്ട ഏറ്റവും പഴക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ കശ്മീർ ടൈംസിെൻറ ശ്രീനഗർ ഓഫിസ് അടച്ചുപൂട്ടിച്ചു.
സർക്കാറിനു കീഴിലെ എസ്റ്റേറ്റ് വിഭാഗമാണ് മുന്നറിയിപ്പും അടച്ചുപൂട്ടാൻ ഉത്തരവുമില്ലാതെ എത്തി ജീവനക്കാരെ പുറത്താക്കി ഓഫിസ് സീൽ ചെയ്തത്. നടപടിക്കെതിരെ ജമ്മു-കശ്മീരിൽ പ്രതിഷേധം വ്യാപകമാണ്. രണ്ടാഴ്ച മുമ്പ് പത്രത്തിെൻറ എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിനെ സമാന രീതിയിൽ ജമ്മുവിലെ ഓഫിസിൽനിന്ന് പുറത്താക്കിയിരുന്നു. ജമ്മുവിൽനിന്നും ശ്രീനഗറിൽനിന്നും പത്രം അച്ചടിക്കുന്നുണ്ട്.
നടപടിക്രമങ്ങളൊന്നും പാലിക്കാതെയെത്തിയ ഉദ്യോഗസ്ഥർ കെട്ടിടത്തിൽനിന്ന് പുറത്താക്കി പുതിയ അവകാശികൾക്ക് കൈമാറുകയായിരുന്നുവെന്ന് അനുരാധ ഭാസിൻ ട്വിറ്ററിൽ കുറിച്ചു. ശ്രീനഗറിലെ പ്രസ് എൻേക്ലവിലെ സർക്കാർ കെട്ടിടത്തിലാണ് മറ്റു പത്രങ്ങളെപ്പോലെ കശ്മീർ ടൈംസും പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ വാർത്താവിനിമയത്തിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ അനുരാധ ഭാസിൻ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇൻറർനെറ്റ് നിയന്ത്രണം ഉൾപ്പെടെ നിലനിന്നിട്ടും പത്രം മുടങ്ങാതെ ഇറക്കുകയും ചെയ്തു. കേന്ദ്രത്തിെൻറ ജനദ്രോഹനടപടികൾക്കെതിരെ ശക്തമായ നിലപാടാണ് പത്രം സ്വീകരിച്ചുപോന്നത്.
ഇതിെൻറ പേരിലുള്ള പ്രതികാരമാണ് നടപടിയെന്നാണ് ആക്ഷേപം. ഓഫിസ് അടച്ചുപൂട്ടാനെത്തിയ ഉദ്യോഗസ്ഥരോട് കശ്മീർ ടൈംസ് ജീവനക്കാർ ഉത്തരവ് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു മറുപടിയെന്ന് പത്രം മാനേജ്മെൻറ് പറഞ്ഞു. നിർബന്ധിച്ചപ്പോൾ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ നിർദേശിക്കുകയായിരുന്നു. കമ്പ്യൂട്ടറുകൾ, പ്രിൻറർ, ജനറേറ്റർ, സാങ്കേതികസംവിധാനങ്ങൾ ഉൾപ്പെടെ സാധനസാമഗ്രികളൊന്നും എടുത്തുമാറ്റാൻപോലും സമയമനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ വാർത്ത ഏജൻസിയായ കശ്മീർ ന്യൂസ് സർവിസിലെ ജീവനക്കാരെയും കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിച്ചിരുന്നു. സംഭവത്തിൽ കശ്മീർ ടൈംസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മാധ്യമപ്രവർത്തകർ രംഗത്തെത്തി. പത്രത്തിന് സൗജന്യ സേവനം നൽകുമെന്ന് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ അറിയിച്ചു. താഴ്വരയിലെ 12 മാധ്യമപ്രവർത്തകർ ഐക്യദാർഢ്യം അറിയിച്ച് സംയുക്ത വാർത്തക്കുറിപ്പും പുറത്തുവിട്ടു.
കടുത്ത പ്രതിഷേധവുമായി നാഷനൽ കോൺഫറൻസ്, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടെ രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. താഴ്വരയിൽ പത്രസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് നടപടിയെന്ന് വിവിധ കക്ഷികൾ കുറ്റപ്പെടുത്തി.
മുൻനിര പത്രങ്ങളിൽ പലതും ഔദ്യോഗിക വാർത്തക്കുറിപ്പുകൾ മാത്രം പ്രസിദ്ധീകരിക്കുന്ന സർക്കാർ ജിഹ്വകളായി മാറിയത് ഈ ആശങ്കകൊണ്ടാണെന്നും സ്വതന്ത്രമായി റിപ്പോർട്ട് ചെയ്താൽ ഇങ്ങനെ പുറത്താക്കപ്പെടുമെന്നും മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല പറഞ്ഞു.
എതിർപ്പിെൻറ സ്വരമുയർത്തുന്നവരെ അടിച്ചമർത്തുന്ന ബി.ജെ.പി പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന് മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും അഭിപ്രായപ്പെട്ടു. എന്നാൽ, പ്രസ് എൻേക്ലവിൽ രണ്ട് ഓഫിസുകൾ പത്രം കൈയടക്കിവെച്ചിരിക്കുകയാണെന്നും അന്തരിച്ച സ്ഥാപകനായ വേദ് ഭാസിെൻറ പേരിൽ വ്യക്തിഗതമായുള്ള ഭാഗം ലൈസൻസ് കാലാവധി അവസാനിച്ചമുറക്ക് ഏറ്റെടുക്കുകയായിരുന്നുവെന്നുമാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.