ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച പാടില്ല- വിടവാങ്ങൽ പ്രസംഗത്തിൽ ദീപക് മിശ്ര
text_fieldsന്യൂഡൽഹി: യാത്രയയപ്പ് ചടങ്ങിൽ ഉള്ള് തുറന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചരിത്രം ചിലപ്പോൾ ദയവ് കാണിക്കും ചിലപ്പോൾ കാണിക്കില്ല. ഞാൻ ആൾക്കാരെ ചരിത്രം നോക്കിയല്ല വിലയിരുത്തുന്നത്. അവരുടെ പ്രവർത്തനം നോക്കിയാണ്. ഔന്നിത്യ വാസത്തിനും യാഥാർത്യങ്ങൾക്കും ഇടയിലെ കാറ്റാണ് അഭിഭാഷകരുമായുള്ള ബന്ധം. രാവിലെ പറഞ്ഞ പോലെ അല്ല, ഇപ്പോൾ ഞാൻ ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്. എന്നെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി. ആത്മാർത്ഥമായ സ്നേഹത്തിനും- ദീപക് മിശ്ര വ്യക്തമാക്കി.
നിയമ ദേവത കണ്ണടക്കുന്നത് നിക്ഷ്പക്ഷതയ്ക്ക് വേണ്ടിയാണ്. അഭിഭാഷകരാണ് ജഡ്ജിമാരെ യാഥാർത്യത്തോട് ബന്ധിപ്പിക്കുന്നത്. ഇപ്പോൾ മാത്രമല്ല എപ്പോഴും സുപ്രീം കോടതി സുപ്രീം ആയിരിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. സത്യത്തിന് നിറ വർണങ്ങൾ ഇല്ല. ചിലർ എന്നോട് ചോദിച്ചു എന്ത് കൊണ്ട് ആത്മകഥ എഴുതി കൂടാ എന്ന്. അങ്ങനെ ഒന്ന് എഴുതിയാൽ അതിന്റെ തലക്കെട്ട് ' നോ അന്റോണിയൻ, നോ ഹെറ്റ്റിക്‌സ് 'എന്നാകും. സംവാദത്തിൽ പരാജയപ്പെടുന്നവന്റെ പിന്നെയുള്ള ആയുധമാണ് ആരോപണം- അദ്ദേഹം വാചാലനായി.
വിരമിച്ച ശേഷം ജഡ് ജിമാർ മറ്റു പദവികൾ ഏറ്റടുക്കരുത് എന്ന വാദത്തോട് യോജിപ്പില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വ്യക്തമാക്കി. ദീപക് മിശ്രയുടെ വിധിന്യായങ്ങൾ ലിംഗനീതി ഉയർത്തി പിടിച്ചു. സ്ത്രീകളുടെ അവകാശത്തിനായി വിധി പറഞ്ഞു. പത്രങ്ങൾ അദ്ദേഹത്തെ 'ജെൻറർ വാരിയർ' എന്ന് പോലും വിശേഷിപ്പിച്ചു. നീതി നിർവഹണ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ജഡ്ജിമാരും കേന്ദ്രസർക്കാരും ചർച്ച നടത്തണം. അല്ലെങ്കിൽ നീതി നിർവഹണം നടക്കാതാകുമെന്നും എ.ജി പറഞ്ഞു.
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്നും ശമ്പളം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജഡ്ജി തസ്തികകൾ നികത്താൻ ആവശ്യത്തിന് ശുപാർശ ലഭിക്കുന്നില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ കേന്ദ്രം വൈകിപ്പിക്കുന്നു എന്നും പറയുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആൾകൂട്ട ആക്രമണത്തിന് എതിരായ വിധി, വ്യക്തി സ്വാതന്ത്ര്യം എന്നിവ ദീപക് മിശ്ര ഉയർത്തിപ്പിടിച്ചതായി നിയുക്ത ചീഫ് ജസ്റ്റിസ് രഞജൻ ഗഗോയ് വ്യക്തമാക്കി. ഹാദിയ കേസ് സംബസിച്ചാണ് ഈ പരാമർശം. അറ്റോർണി ജനറലും ബാർ അസോസിയേഷൻ പ്രസിഡന്റും പറഞ്ഞ കാര്യങ്ങൾ ഇടയിലാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. വേതനം വർദ്ധിപ്പിക്കണമെന്ന അറ്റോർണി പരാമർശത്തെപറ്റി അംബേദ്ക്കറിനെ ഉദ്ദരിച്ച് ജസ്റ്റിസ് ഗഗോയ് മറുപടി പറഞ്ഞു. അപര്യാപ്തതകൾക്കിടയിലും ജഡ്ജിമാർ പ്രതിജ്ഞാബദ്ധർ ആയിരിക്കുമെന്ന് ഗഗോയ് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാല് സുപ്രധാന വിധികളാണ് അദ്ദേഹം അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്. ശബരിമല സ്ത്രീ പ്രവേശനം, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുക, നിബന്ധനയോട് കൂടി ആധാറിന് അംഗീകാരം, മുസ്ലിംകൾക്ക് പ്രാർഥനക്ക് പള്ളി നിർബന്ധമല്ലെന്ന ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കില്ല തുടങ്ങിയവയായിരുന്നു അത്.
വിവാദങ്ങൾ നിറഞ്ഞതായിരുന്നു ദീപക് മിശ്രയുടെ കാലം. മെഡിക്കൽ പ്രവേശന വിധിക്ക് കോഴ വാങ്ങി എന്ന ആരോപണം നേരിട്ട മിശ്രക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നാലു ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തി. കേസ് പങ്കുവെക്കുന്നതിൽ ദീപക് മിശ്ര വിവേചനം കാണിക്കുന്നുവെന്നും കോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാർത്താസമ്മേളനം. എന്നാൽ കേസ് കൈമാറുന്നതിലും മറ്റും തനിക്ക് തന്നെയാണ് അധികാരമെന്നും മാസ്റ്റർ ഒാഫ് ദ റോസ്റ്റർ (തുല്യരിൽ ഒന്നാമൻ) താനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം ഇംപീച്ച്മെൻറ് നടപടിക്കൊരുങ്ങിയതും രാജ്യം കണ്ടു. വിവാദങ്ങൾക്കൊടുവിൽ ശക്തമായ വിധികൾകൊണ്ട് വിമർശകരെ അത്ഭുതപ്പെടുത്തികൊണ്ടാണ് ദീപക് മിശ്ര പടിയിറങ്ങുന്നത്. രഞ്ജൻ ഗോഗോയി ബുധനാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.