വിദ്യാർഥിനികളോട് വിവാഹത്തെപ്പറ്റി ചോദിച്ച് രാഹുൽ ഗാന്ധി പെട്ടു!; ‘30 വർഷമായി ആ സമ്മർദത്തെ അതിജീവിക്കുകയാണ്’ -VIDEO
text_fieldsശ്രീനഗർ: ജമ്മു- കശ്മീരിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നതിനിടെ വിവാഹത്തെ കുറിച്ച് ചോദ്യമുന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘കുടുക്കി’ കുട്ടികളുടെ മറുചോദ്യം. രാഹുൽ ചോദിച്ചതിനേക്കാൾ വേഗത്തിൽ വിദ്യാർഥികൾ തിരിച്ച് ചോദ്യമുന്നയിക്കുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇതിന് രാഹുൽ മറുപടി നൽകി. ശ്രീനഗറിലെ തുറന്ന ഗ്രൗണ്ടിൽ ഒരു മേശക്ക് ചുറ്റുമിരുന്നാണ് വിദ്യാർഥികളോട് രാഹുൽ സംവദിച്ചത്. “കശ്മീരിലെ സ്ത്രീകളുടെ വിവേകത്തെയും കരുത്തിനെയും പ്രതിരോധത്തെയും കുറിച്ച് ഒരുപാട് പറയാനുണ്ട്. എന്നാൽ അവരുടെ ശബ്ദം കേൾക്കാൻ നാം അവർക്ക് അവസരം നൽകുന്നുണ്ടോ?’ എന്ന മുഖവുരയോടെയാണ് ചർച്ച തുടങ്ങിയത്.
വിവിധ കോളജുകളിൽ നിയമം, ഭൗതിക ശാസ്ത്രം, മാധ്യമപ്രവർത്തനം, രാഷ്ട്ര മീമാംസ എന്നിവ പഠിക്കുന്ന വിദ്യാർഥിനികളുമായിട്ടായിരുന്നു കൂടിക്കാഴ്ച. കശ്മീരും അവിടെയുള്ള വിദ്യാഭ്യാസ സംവിധാനങ്ങളും നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ, മോദി ഭരണം, മാധ്യമ സ്വാതന്ത്ര്യം, കശ്മീരിലെ സ്ത്രീകൾ നേരിടുന്ന ആനുകാലിക പ്രശ്നങ്ങൾ, സ്ത്രീ സുരക്ഷ, കശ്മീരിന്റെ സംസ്ഥാന പദവി, ഇന്ത്യൻ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സ്ത്രീകൾ നേരിടുന്ന പീഡനങ്ങളും കൊൽക്കത്ത ബലാത്സംഗക്കൊലയുടെ പ്രത്യാഘാതങ്ങളും രാഹുലിന്റെ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിന് ശേഷമാണ് വിവാഹം കഴിക്കാൻ പെൺകുട്ടികൾ സമ്മർദം നേരിടുന്നുണ്ടോ എന്ന് രാഹുൽ വിദ്യാർഥികളോട് അന്വേഷിച്ചത്.
‘താങ്കൾക്ക് മേൽ സമ്മർദമില്ലേ’ എന്നായിരുന്നു വിദ്യാർഥികളുടെ മറുചോദ്യം. ഇതോടെ ‘എന്നെ കുഴപ്പത്തിൽ ചാടിക്കാനാണ് ശ്രമമല്ലേ’ എന്ന് ചോദിച്ച് പുഞ്ചിരിച്ചുകൊണ്ട് രാഹുൽ വിശദീകരണം നൽകി. ‘ഞാൻ 20-30 വർഷമായി ആ സമ്മർദത്തെ അതിജീവിക്കുകയാണ്’ -എന്നായിരുന്നു മറുപടി. വിവാഹം നല്ല കാര്യമാണെന്ന് കൂടി പറഞ്ഞതോടെ ‘കഴിക്കാൻ ആലോചിക്കുന്നുണ്ടോ?’ എന്നായി വിദ്യാർഥികൾ. ‘ഞാൻ പ്ലാൻ ചെയ്യുന്നില്ല. പക്ഷേ, അത് നടക്കുന്നുണ്ടെങ്കിൽ നല്ല കാര്യമാണ്....’ എന്ന് രാഹുൽ പറഞ്ഞു. അങ്ങനെയെങ്കിൽ തങ്ങളെയും വിവാഹത്തിന് ക്ഷണിക്കണമെന്ന് വിദ്യാർഥിക്കൂട്ടം ആവശ്യപ്പെട്ടു. തീർച്ചയായും ക്ഷണിക്കുമെന്ന് രാഹുലും ഉറപ്പ് നൽകി.
ഈ വർഷമാദ്യം റായ്ബറേലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയും ‘എപ്പോഴാണ് വിവാഹം കഴിക്കുന്നത്’ എന്ന ചോദ്യം രാഹുൽ നേരിട്ടിരുന്നു. വേഗം മറുപടി പറയണമെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരി പ്രിയങ്ക ആവശ്യപ്പെട്ടതോടെ, ഉടൻ തന്നെ കഴിക്കും എന്ന് രാഹുൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം പട്‌നയിൽ നടന്ന പ്രതിപക്ഷ റാലിക്കിടെ ‘വിവാഹം കഴിക്കൂ, നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്ന് ലാലു പ്രസാദ് യാദവും രാഹുലിനാട് പറഞ്ഞിരുന്നു. ‘നിങ്ങൾ പറഞ്ഞാൽ അത് നടന്നിരിക്കും’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.