2024ന്‍റെ രൂപരേഖ: കോൺഗ്രസിൽ മാരത്തൺ ചർച്ച
text_fieldsന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമർപ്പിച്ച രൂപരേഖയിൽ കോൺഗ്രസ് മാരത്തൺ ചർച്ച തുടരുന്നു. തിങ്കളാഴ്ച സോണിയ ഗാന്ധി തുടങ്ങിവെച്ച ചർച്ച ചൊവ്വാഴ്ചയും തുടർന്നു. പ്രശാന്ത് വെച്ച നിർദേശങ്ങളിൽ ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചതായി പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. പ്രശാന്തിന്‍റെ കോൺഗ്രസ് പ്രവേശനത്തിലും സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കും.
പ്രശാന്ത് കിഷോറിന്‍റെ റോൾ സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായും പ്രിയങ്കയുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാക്കളുമായും സോണിയ കൂടിയാലോചന നടത്തി. ശേഷം ഒരിക്കൽ കൂടി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ല. മുന്നോട്ടുവെച്ച നയരേഖയിൽ സ്വീകരിക്കേണ്ട നിലപാടിനു പുറമെ പ്രശാന്ത് കിഷോറിന്‍റെ റോൾ എന്തായിരിക്കണമെന്ന കാര്യത്തിലും കോൺഗ്രസിൽ അദ്ദേഹം ചേരേണ്ടതുണ്ടോ എന്ന കാര്യത്തിലും തീരുമാനമെടുക്കുന്നതിനായിരുന്നു കോൺഗ്രസ് നേതാക്കളുമായുള്ള സോണിയയുടെ കൂടിയാലോചന.
2024 ലക്ഷ്യമിട്ട് സമർപ്പിച്ച രൂപരേഖക്കൊപ്പം വരാനിരിക്കുന്ന വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൈക്കൊള്ളേണ്ട തന്ത്രങ്ങളും പ്രശാന്ത് കോൺഗ്രസ് നേതൃത്വത്തിന് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ഇതു കൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിങ്, കമൽനാഥ്, ജയറാം രമേശ് തുടങ്ങിയവർ ചൊവ്വാഴ്ചത്തെ ചർച്ചയിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന് നിർണായകമാണ്. ബൂത്ത് തലത്തിൽ വാട്ട്സ് ആപ് ഗ്രൂപ്പുകൾ, ഓരോ മണ്ഡലത്തിലെയും ദൗർബല്യവും ശക്തിയും, സാധ്യതയുള്ള സ്ഥാനാർഥികൾ, ഉന്നയിക്കാവുന്ന വിഷയങ്ങൾ, വർഗീയ ധ്രുവീകരണ അജണ്ടകൾക്ക് മേൽ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരൽ എന്നിവ പ്രശാന്തിന്‍റെ തന്ത്രങ്ങളിലും നേതാക്കൾ നടത്തുന്ന ചർച്ചകളിലുമുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന പാർട്ടിയുടെ ചിന്തൻ ശിബിരത്തിനുള്ള ചർച്ചയും ഇതോടൊപ്പം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.