തെലങ്കാനയിൽ നൂറിലധികം തെരുവ് നായകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ നൂറിലധികം തെരുവുനായകളെ കൊലപ്പെടുത്തി കിണറ്റിലിട്ടതായി പരാതി. സിദ്ദിപേട്ട് ജില്ലയിലെ ജഗ്ദേവ്പൂരിലാണ് സംഭവം. വില്ലേജ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നായ പിടുത്തക്കാരെ ചുമതലപ്പെടുത്തി കുത്തിവെപ്പിലൂടെ നായകളെ കൊല്ലുകയായിരുന്നെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മാർച്ച് ഏഴിനു നടന്ന സംഭവത്തിൽ ജില്ലാ അധികാരിക്ക് ഗ്രാമീണർ പരാതി നൽകി. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് ഗൗതം കുമാറെന്ന മൃഗ സംരക്ഷണ പ്രവർത്തകനാണ് സിദ്ദിപേട്ട് കലക്ടർക് പരാതി നൽകിയത്. വില്ലേജ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ സിദ്ദിപേട്ട് പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് അദ്ദേഹം കലക്ടറെ സമീപിക്കുകയായിരുന്നു.
ഒരു വളർത്തു നായയുടെ മരണവിവരം പുറത്ത് വന്നതോടെയാണ് തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന വിവരം അറിഞ്ഞതെന്ന് പരാതിക്കാരൻ പറഞ്ഞു. തെരുവുനായകളുടെ കൂട്ടത്തിൽ വളർത്തു നായയെയും വിഷം നൽകി കൊന്നതിന് ശേഷം ഇവയെ കൂട്ടത്തോടെ പ്രദേശത്തെ ഉപയോഗിക്കാത്ത കിണറ്റിൽ തള്ളുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200-ഓളം തെരുവുനായകളാണ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. നായകളെ കൂട്ടത്തോടെ കൊന്നതിനെ പീപ്പിൾ ഫോർ ആനിമൽസ് ഇന്ത്യ അപലപിച്ചു. വിഷയത്തിൽ നടപടിയെടുക്കാൻ തെലങ്കാന മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്നും സംഘടന അറിയിച്ചു.
2019ലും സിദ്ദിപേട്ടിൽ സമാനമായ രീതിയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നിരുന്നു. തെലങ്കാനയിലെ ചില ഭാഗങ്ങളിൽ തെരുവ് നായകളുടെ എണ്ണം വർധിക്കുന്നതിനാൽ മുനിസിപ്പൽ അധികാരികൾ ചേർന്ന് ഇവയെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. നായകളെ വന്ധ്യംകരിക്കാൻ അധികാരികൾക്ക് കഴിയുമെങ്കിലും അവയെ കൊല്ലുന്നത് നിയമവിരുദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.