‘ജെ.സി.ബി സാഹിത്യ പുരസ്കാരം കാപട്യം’; തുറന്ന കത്തുമായി സാഹിത്യകാരന്മാർ
text_fieldsന്യൂഡൽഹി: ഇന്ത്യയിലും ഫലസ്തീനിലും ഭയപ്പെടുത്തുന്ന രീതിയിൽ വീടുകൾ ഇടിച്ചുനിരത്തുന്നതിൽ നിർണായക പങ്കുള്ള ബ്രിട്ടീഷ് ബുൾഡോസർ നിർമാണ കമ്പനി ഫണ്ട് നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്കാരം കാപട്യമാണെന്ന് നൂറിലേറെ സാഹിത്യകാരന്മാർ ആരോപിച്ചു. രാജ്യത്തെ ബി.ജെ.പി സർക്കാർ നിരവധി സംസ്ഥാനങ്ങളിൽ മുസ്ലിംകളുടെ വീടുകളും കടകളും സ്ഥിരമായി ജെ.സി.ബി ബുൾഡോസറുകൾ ഉപയോഗിച്ചാണ് ഇടിച്ചുനിരത്തുന്നതെന്നും ഇവർ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി. ജെ.സി.ബി സാഹിത്യ പുരസ്കാരം പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് കത്ത് പുറത്തുവിട്ടത്. നവംബർ 23നാണ് പുരസ്കാര പ്രഖ്യാപനം.
കവിയും നിരൂപകനുമായ സച്ചിദാനന്ദൻ, കവിയും പ്രസാധകനുമായ അസദ് സെയ്ദി, കവയിത്രി ജസീന്ത കെർക്കറ്റ, കവയിത്രിയും ആക്ടിവിസ്റ്റുമായ സിന്തിയ സ്റ്റീഫൻ, നോവലിസ്റ്റും കവയിത്രിയുമായ മീന കന്ദസാമി തുടങ്ങിയവരാണ് തുറന്നകത്തിൽ ഒപ്പുവെച്ചത്. ജെ.സി.ബി ഇന്ത്യ, ബ്രിട്ടീഷ് നിർമാണ രംഗത്തെ ഉപകരണങ്ങളുടെ ഉൽപാദകരായ ജെ.സി.ബാംഫോർഡ് എക്സ്കവേറ്റേർസ് ലിമിറ്റഡിന്റെ (ജെ.സി.ബി) അനുബന്ധ കമ്പനിയാണെന്നും ഇവർ പറഞ്ഞു.
ബ്രിട്ടനിലെ കൺസർവേറ്റിവ് പാർട്ടിക്ക് ഫണ്ട് നൽകുന്നതിൽ ജെ.സി.ബി മുൻപന്തിയിലാണ്. ഫലസ്തീനിലെ വീടുകൾ ഇസ്രായേൽ തകർക്കുന്നതിൽ ജെ.സി.ബി ബുൾഡോസറുകൾക്കും പങ്കുണ്ട്. സാഹിത്യ പുരസ്കാരത്തിലൂടെ ജെ.സി.ബിയുടെ കൈകളിലെ രക്തക്കറ കഴുകാൻ സാധിക്കില്ല. സാധാരണക്കാരായ നൂറുകണക്കിന് ആളുകളുടെ വീടുകൾ തകർക്കുന്നതിന് സഹായിക്കുന്ന യന്ത്രമായിട്ടാണ് ഇന്ത്യയിൽ ജെ.സി.ബി സുപരിചിതം. എന്നാൽ, അതിന് ഇന്ത്യൻ സാഹിത്യത്തിലെ ഉന്നത പുരസ്കാരമായി ബന്ധമുണ്ടാകുന്നത് വിചിത്രമാണ്.
പാർശ്വവത്കരിക്കപ്പെട്ടവരും വൈവിധ്യമുള്ളതുമായ എഴുത്തുകാർക്കാണ് ജെ.സി.ബി സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയത്. എന്നാൽ, അതേസമയം ജീവിതവും ജീവിതോപാധികളും നശിപ്പിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്ന് കത്തിൽ കുറ്റപ്പെടുത്തി.
ഫലസ്തീൻ കവി ഇസബെല്ല ഹമ്മാദ്, കവി റഫീഖ് സിയാദ, ഈജിപ്ഷ്യൻ നോവലിസ്റ്റ് അഹ്ദാഫ് സുയീഫ്, ഇറാഖി കവിയും നോവലിസ്റ്റുമായ സിനാൻ ആന്റൂൺ, ഐറിഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ റൊനാൻ ബെന്നറ്റ്, നോവലിസ്റ്റും തിരക്കഥാകൃത്തുമായ നികേശ് ശുക്ല തുടങ്ങിയവരും തുറന്ന കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.