കർണാടകയിൽ കുട്ടികളെ കാണാതാകുന്ന കേസുകൾ വർധിക്കുന്നു; കണ്ടെത്താനുള്ളത് 1200 കുട്ടികളെ
text_fieldsബെംഗളൂരു: കർണാടകയിൽ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 1200 കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 347 ആൺകുട്ടികളും 853 പെൺകുട്ടികളും ഇപ്പോഴും കാണാമറയത്താണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
2018ൽ 325 ആൺകുട്ടികളെയും 445 പെൺകുട്ടികളെയും കാണാതായതായി സർക്കാറിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 23 ആൺകുട്ടികളെയും 9 പെൺകുട്ടികളും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 2019ൽ കാണാതായ കുട്ടികളുടെ എണ്ണം വർധിച്ചു. 813 ആൺകുട്ടികളെയും 1311 പെൺകുട്ടികളെയുമാണ് 2019ൽ കാണാതായത്. ഇതിൽ 49 ആൺകുട്ടികളെയും 35 പെൺകുട്ടികളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. 2020ൽ കാണാതായ 1557 കുട്ടികളിൽ 58 പേരെക്കുറിച്ചും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 2021-ൽ 2118 കുട്ടികളെയാണ് കാണാതായത്. ഇതിൽ 92 പേരെ ഇനിയും കണ്ടെത്താനുണ്ട്.
2022ലെയും 2023ലെയും കണക്കുകൾ പ്രകാരം 5144 കുട്ടികളെ കാണാതായതിൽ 934 പേരെ കണ്ടെത്താനുണ്ട്. കർണാടകയിൽ കണാതായവരിൽ ഇപ്പോഴും കണ്ടെത്താനാവാത്ത കുട്ടികളുടെ എണ്ണം 1200നടുത്താണ്. പ്രശ്നം പരിഹരിക്കുന്നതിനായി നിർഭയ നിധി സംരംഭത്തിന് കീഴിൽ കർണാടക സർക്കാർ 35 മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
കർണാടക ആഭ്യന്തര വകുപ്പ് ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് പ്രദേശങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.