12,000 ത്തിലേറെ സംഘടനകൾക്ക് വിദേശസഹായം സ്വീകരിക്കാനാവില്ല
text_fieldsന്യൂഡൽഹി: തങ്ങളെ പിന്തുണക്കാത്ത സംഘടനകളെയും കൂട്ടായ്മകളെയും കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന വിമർശനങ്ങൾക്കിടെ, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റും ജാമിഅ മില്ലിയ ഇസ്ലാമിയ്യയും അടക്കം 12,000ത്തിലേറെ സ്ഥാപനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കാനുള്ള എഫ്.സി.ആർ.എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് നഷ്ടപ്പെട്ടു. ഇതിൽ ആറായിരത്തിലേറെ സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് കാലാവധി ഡിസംബർ 31നാണ് റദ്ദായത്.
ആറായിരത്തോളം സംഘടനകൾ ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് റദ്ദായതെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, 'ഹാനികരമായ വിവരങ്ങൾ' ഉണ്ടെന്നു ചൂണ്ടിക്കാട്ടി മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുതുക്കാനായി സമർപ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളിയത് ഏറെ വിവാദമായിരുന്നു. ട്യൂബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ തുടങ്ങിയവയുടെയും കാലാവധി അവസാനിച്ചിട്ടുണ്ട്. ഇതോടെ, 16,829 എൻ.ജി.ഒകൾക്കു മാത്രമാണ് ഇപ്പോൾ എഫ്.സി.ആർ.എ ലൈസൻസുള്ളത്.
വരുന്ന മാർച്ച് 31 വരെയാണ് ഇവയുടെ കാലാവധി. നിയമപ്രകാരം 22,762 സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ ലൈസൻസുള്ളവക്കു മാത്രമേ വിദേശസംഭാവന സ്വീകരിക്കാൻ അനുവാദമുള്ളൂ. രാജ്യമെമ്പാടും അനാഥാലയങ്ങളും ശരണാലയങ്ങളും നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ ലൈസൻസ് പുതുക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് കഴിഞ്ഞദിവസങ്ങളിൽ ഉയർന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.