മഹാകുംഭമേളയുടെ അവസാനദിനം പുണ്യസ്നാനത്തിന് എത്തിയത് 1.3 കോടി തീർഥാടകർ; ആകെ 65 കോടി
text_fieldsപ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ അവസാനദിനവും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേക്ക് തീർഥാടക പ്രവാഹം. ഇന്ത്യക്കകത്തും വിദേശത്തുനിന്നുമായി ബുധനാഴ്ച ഒറ്റദിവസം പ്രയാഗ്‌രാജിലേക്ക് 1.3 കോടി പേർ പുണ്യസ്നാനത്തിനായി എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. വൈകിട്ട് നാല് മണിവരെയുള്ള കണക്കാണിത്. രാത്രി വൈകിയും തീർഥാടകർ എത്തുന്നതിനാൽ ഈ കണക്കിൽ വലിയ മാറ്റമുണ്ടാകും.
ജനുവരി 13ന് ആരംഭിച്ച കുംഭമേളക്ക് ഇതുവരെ 65 കോടിയിലേറെ പേർ എത്തിയതായാണ് കണക്ക്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയാണ് ബുധനാഴ്ച പ്രയാഗ്‌രാജിൽ സമാപിക്കുന്നത്. ശിവരാത്രി ദിനത്തിലാണ് കുംഭമേള അവസാനിക്കുന്നത്.
ജനുവരി 14 ന് മകരസംക്രാന്തി, ജനുവരി 29ന് മൗനി അമാവാസി, ഫെബ്രുവരി മൂന്നിന് ബസന്ത പഞ്ചമി, ഫെബ്രുവരി 12ന് മാഘ പൂർണിമ എന്നിവയും പ്രയാഗ്‌രാജിൽ ആഘോഷിച്ചിരുന്നു. കുംഭമേളയുടെ സംഘാടനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. സമാപന ദിവസം നടന്ന എയർ ഷോയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.