ഹർഘർ തിരംഗ്: ഇതുവരെ ലഭ്യമാക്കിയത് 20കോടിയിലധികം പതാകകൾ
text_fieldsന്യൂഡൽഹി: ഹർഘർ തിരംഗ് കാമ്പയിൻ പ്രഖ്യാപിച്ചതുമുതൽ 20കോടിയിലധികം പതാകകൾ ജനങ്ങൾക്ക് ലഭ്യമാക്കിയതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം. ദേശീയ പതാകയുടെ കോഡ്മാറ്റവും പതാകയുടെ ആവശ്യം വർധിക്കാൻ കാരണമായെന്ന് അധികൃതർ അറിയിച്ചു.
പുതിയ കോഡ് അനുസരിച്ച് യന്ത്രനിര്‍മിതമായതും പോളിസ്റ്റര്‍ തുണികളുപയോഗിച്ച് നിർമിച്ചതുമായ പതാകകൾ ഉയർത്താം. കൂടാതെ പകലും രാത്രിയും തുടര്‍ച്ചയായി ദേശീയപതാക പ്രദര്‍ശിപ്പിക്കാം. കാമ്പയിന്‍റെ വെബ്സൈറ്റിൽ വീടുകളിലേക്ക് പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
നേരത്തെ 10 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ പോസ്റ്റ് ഓഫിസുകളിലൂടെ നേരിട്ടും ഓൺലൈനിലൂടെയും വിൽപന നടത്തിയെന്ന് തപാൽ വകുപ്പ് അറിയിച്ചിരുന്നു.
രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ച് എല്ലാ വീടുകളും ദേശീയപതാക ഉയർത്തുന്നതിനുള്ള കാമ്പയിനാണ് 'ഹർഘർ തിരംഗ്'. ആഗസ്റ്റ് 13 മുതൽ 15വരെ ദേശീയപതാകയുയർത്തി ഹർഘർ തിരംഗ് കാമ്പയിന് ശക്തിപകരണമെന്ന് ജൂലൈ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രമാക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു. മൻകി ബാത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.