ലൈംഗികമായി വഴങ്ങിയാൽ സർക്കാർ ജോലി; ആൻഡമാൻ ചീഫ് സെക്രട്ടറി വസതി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്, എത്തിച്ചത് 20ലേറെ സ്ത്രീകളെ
text_fieldsപോർട്ട് ബ്ലയർ: കേന്ദ്ര ഭരണപ്രദേശമായ ആൻഡമാൻ നികോബാർ ദ്വീപിലെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍റെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിച്ചതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈംഗികമായി വഴങ്ങിയാൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 20ലേറെ സ്ത്രീകളെ ഇവിടെയെത്തിച്ച് കൂട്ടബലാത്സംഗത്തിനും അതിക്രമത്തിനും ഇരയാക്കിയതായാണ് സൂചനകളെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ, ലേബർ കമീഷണർ ആർ.എൽ. ഋഷി എന്നിവരടങ്ങിയതാണ് റാക്കറ്റ്. സർക്കാർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയിൽ ഇരുവർക്കും എതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതേത്തുടർന്ന് ഒക്ടോബർ 17ന് ജിതേന്ദ്ര നരേനെ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പോർട്ട് ബ്ലെയർ സ്വദേശിയായ യുവതി ആഗസ്റ്റിൽ നൽകിയ പരാതിയിൽ ഒക്ടോബർ ഒന്നിനാണ് കേസെടുത്തത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ 28നുള്ളിൽ ഹാജരാകണമെന്ന് കൽക്കട്ട ഹൈകോടതി ജിതേന്ദ്ര നരേനോട് നിർദേശിച്ചിട്ടുണ്ട്. 28ന് നരേൻ ഹാജരാകുമെന്നാണ് വിവരം.
പരാതിക്കാരിയായ 21കാരിയുടെയും പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെയും കോൾ ഡാറ്റ റെക്കോർഡുകൾ ആരോപണം ശരിവെക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. പരാതി ഉയർന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ വസതിയിലെ സിസിടിവി ഹാർഡ് ഡിസ്ക് ആദ്യം ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ജിതേന്ദ്ര നരേൻ കേന്ദ്ര ആഭ്യന്തര വകുപ്പിനും ദ്വീപ് ഭരണകൂടത്തിനും കത്തെഴുതി. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും പരാതി വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ കൈയിലുണ്ടെന്നും നരേൻ അവകാശപ്പെട്ടു. നവംബർ 14 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. സസ്പെൻഷനിലായ കൂട്ടുപ്രതി ലേബർ കമീഷണർ ആർ.എൽ. ഋഷിക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
പ്രത്യേക സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിക്കുന്നത്. നരേന്‍റെ സ്റ്റാഫ് അംഗങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. വസതിയിലെത്തിയവരെ കുറിച്ച് വെളിപ്പെടുത്തിയാൽ ജീവന് തന്നെ ഭീഷണിയുണ്ടെന്ന് സ്റ്റാഫ് അംഗങ്ങളിലൊരാൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 20ലേറെ സ്ത്രീകൾ ചീഫ് സെക്രട്ടറിയോടൊപ്പം വസതിയിലെത്തിയിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. 21കാരി പരാതിയിൽ പറയുന്ന കാര്യങ്ങളും സ്റ്റാഫിന്‍റെ വെളിപ്പെടുത്തലും ഒത്തുപോകുന്നതാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
രണ്ട് തവണ തന്നെ ഔദ്യോഗിക വസതിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് 21കാരിയുടെ പരാതി. ഒരു ഹോട്ടലുടമ വഴിയാണ് ലേബർ കമീഷണറെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെടുന്നത്. ചീഫ് സെക്രട്ടറിയുടെ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകിയെങ്കിലും യുവതി നിരസിച്ചു. പിന്നീട് ഇരുവരും സർക്കാർ ജോലി വാഗ്ദാനം ചെയ്തു. തുടർന്ന് രണ്ട് പ്രതികളും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ടാഴ്ചക്ക് ശേഷം രാത്രി ഒമ്പതോടെ വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.