ആന്ധ്രയിലെ പട്ടണത്തിൽ അജ്ഞാത രോഗം; 200ലേറെ പേർ ചികിത്സയിൽ
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിലെ എലുരു പട്ടണത്തിൽ ഇരുനൂറിലേറെ പേർ അജ്ഞാത ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മേഖലയിൽ പരിഭ്രാന്തി പരത്തി. ബാധിക്കപ്പെട്ടവരിൽ കൂടുതലും കുട്ടികളാണെന്നത് ആശങ്കയേറ്റിയിട്ടുണ്ട്. ഛർദിയും തളർച്ചയും ബാധിച്ചും പെട്ടെന്ന് തലചുറ്റി വീണും രണ്ടു ദിവസത്തിനുള്ളിൽ 200ഓളം പേരാണ് എലുരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച 160 പേരും ഞായറാഴ്ച 46 പേരുമാണ് ചികിത്സ തേടിയത്. അപസ്മാരത്തോടു സമാനമായ ലക്ഷണങ്ങളാണ് ചിലരിൽ കാണപ്പെട്ടത്. ഇവർക്ക് വായിൽനിന്ന് നുരയുംപതയും വരുകയും വിറയൽ അനുഭവപ്പെടുകയും ചെയ്തു.
അറുപതോളം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും ശനിയാഴ്ച പ്രവേശിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുപോയതായും ആരോഗ്യപ്രവർത്തകർ പറഞ്ഞു. മേഖലയിൽ പരിശോധനക്കെതിയ വിദഗ്ധ സംഘം രോഗികളുടെ രക്തസാമ്പ്ൾ പരിശോധിച്ചതിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല.
ചികിത്സയിൽ കഴിയുന്നവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആണെന്നും അടിയന്തര സാഹചര്യം നേരിടാൻ എലുരുവിലെയും വിജയവാഡയിലെയും ആശുപത്രികൾ സജ്ജമാണെന്നും മേഖലയിൽ സന്ദർശനത്തിെനത്തിയ ആന്ധ്ര ആരോഗ്യ മന്ത്രി അല്ല നാനി പറഞ്ഞു. ആറു വയസ്സുകാരിയടക്കം ഗുരുതരാവസ്ഥയിലായ രണ്ടുപേരെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് ഗോദാവരി ജില്ല ആസ്ഥാനമായ എലുരുവിലെ വിവിധ കോളനികളിൽനിന്നുള്ളവർക്കാണ് രോഗം ബാധിച്ചത്. അധികൃതർ പ്രദേശത്ത് ആരോഗ്യ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
അജ്ഞാത രോഗത്തെക്കുറിച്ചുള്ള ആശങ്ക പരക്കുന്നതിനിടെ സർക്കാറിെന വിമർശിച്ച് ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തുവന്നു. മലിനമായ കുടിവെള്ളമാണ് സർക്കാർ കോളനികളിൽ വിതരണം ചെയ്യുന്നതെന്നും ഇതാണ് രോഗം പടരാൻ കാരണമായതെന്നും നായിഡു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.