ഗുജറാത്തിൽ അഞ്ച് വർഷത്തിനിടെ 40,000-ത്തിലേറെ സ്ത്രീകളെ കാണാതായി, എൻ.സി.ആർ.ബി.ഐയുടെ കണക്കുകളിങ്ങനെ...
text_fieldsഅഹമ്മദാബാദ്: അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽ 40,000 സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകൾ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം 2016-ൽ 7,105, 2017-ൽ 7,712, 2018-ൽ 9,246, 2019-ൽ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്. 2020ൽ 8,290 സ്ത്രീകളെ കാണാതായി. ആകെ സംഖ്യ 41,621 ആയി.
2021-ൽ സർക്കാർ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 2019-20 വർഷത്തിൽ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് വർഷത്തെ കണക്കാണ് എൻ.സി.ആർ.ബി പുറത്ത് വിട്ടിരിക്കുന്നത്.
കാണാതായ സ്ത്രീകളിൽ പലരെയും മറ്റു സംസ്ഥാനങ്ങളിലേക്ക‍് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്ക്കപ്പെടുകയാണെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു. `കാണാതായവരുടെ കേസുകൾ ഗൗരവമായി പരിഗണിക്കാത്തതാണ് പൊലീസ് സംവിധാനത്തിന്റെ പ്രശ്നം.
കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. കാരണം, ഒരു കുട്ടിയെ കാണാതാവുമ്പോൾ, മാതാപിതാക്കൾ വർഷങ്ങളോളം അവരുടെ കുട്ടിക്കായി കാത്തിരിക്കുന്നു, കാണാതായ കേസ് ഒരു കൊലപാതക കേസ് പോലെ തന്നെ കർശനമായി അന്വേഷിക്കണമെന്നും' അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കേരളത്തിലെ സ്ത്രീകളെക്കുറിച്ച് വാചാലരാകുമ്പോൾ ഗുജറാത്തിൽ കാണാതായ 40,000-ത്തിലേറെ സ്ത്രീകളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടാണ് ഗുജറാത്തെന്നും അദ്ദേഹം ബി.ജെ.പി നേതാക്കളെ ഓർമിപ്പിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കേരളത്തെപ്പറ്റി വസ്തുതാ വിരുദ്ധ പ്രചാരണം നടത്തുന്ന ദി കേരള സ്റ്റോറി എന്ന സിനിമയെ പിന്തുണച്ച് പ്രധാനമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.