ഗിന്നസ് റെക്കോഡ് ലക്ഷ്യം; വാനിൽ പറന്ന് 77,700 ദേശീയ പതാകകൾ
text_fieldsജഗദീശ്പുർ(ബിഹാർ): ആവേശഭരിതമായിരുന്നു ആ കാഴ്ച. ജഗദീശ്പുരിന്റെ ആകാശത്ത് തിരമാല കണക്കെ ത്രിവർണ പതാക. ഒന്നിൽ തുടങ്ങി 75,000വും കടന്ന് 77,700 പതാകകളാണ് ദേശീയ വികാരമുണർത്തി വാനിലുയർന്നത്. 'വന്ദേമാതര'ത്തിന്റെ അകമ്പടിയോടെ അഞ്ചുമിനിറ്റുനേരമാണ് ദേശീയപതാക പാറി നിന്നത്.
വേദിയിൽ സ്ഥാപിച്ച ഭീമൻ സ്ക്രീനിൽ പതാക വീശുന്നവരുടെ എണ്ണം 77,700 ആയപ്പോൾ ജനക്കൂട്ടം കൈയടിച്ചെതിരേറ്റു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി ബി.ജെ.പിയാണ് ലോകറെക്കോഡ് ലക്ഷ്യമിട്ട് ബിഹാറിലെ ഭോജ്പുർ ജില്ലയിൽ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചടങ്ങിൽ മുഖ്യാതിഥിയായി. 1857ൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിലെ വീരനായകനായ ജദഗീശ്പുരിലെ രാജാവ് വീർ കുൻവർ സിങ്ങിന്റെ 163ാം ജന്മവാർഷികദിനത്തിലായിരുന്നു പരിപാടി.
2004ൽ 56,000 പതാക വീശി പാകിസ്താൻ നേടിയ 18 വർഷം പഴക്കമുള്ള റെക്കോഡ് മറികടക്കുകയാണ് ലക്ഷ്യം. പങ്കെടുക്കുന്നവർ തിരിച്ചറിയാനായി പ്രത്യേക ബാൻഡ് ധരിച്ചിരുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് അധികൃതർ കാമറകളുമായി മേൽനോട്ടം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.