യോഗിയുടെ ഭരണത്തിൽ യു.പിയിൽ 920 ഏറ്റുമുട്ടൽ; വെടിവെപ്പിൽ 31മരണം
text_fieldsലഖ്നോ: യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റശേഷം ഉത്തർ പ്രദേശ് പൊലീസും കുറ്റവാളികളും തമ്മിൽ 920ലേറെ ഏറ്റുമുട്ടലുണ്ടായെന്നും ഇതിൽ 31പേർ കൊല്ലപ്പെെട്ടന്നും റിപ്പോർട്ട്. 2017 മാർച്ച് 19മുതൽ 2018 ജനുവരി 10വരെയുള്ള കണക്കാണ് ബുധനാഴ്ച ഡി.ജി.പിയുടെ ഒാഫിസിൽ നടന്ന യോഗം അവലോകനം ചെയ്തത്. ഏറ്റുമുട്ടലിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു. 212 പൊലീസുകാർക്കും 196 കുറ്റവാളികൾക്കും പരിക്കേറ്റു. ഹരിയാന, ഡൽഹി സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മീററ്റ് മേഖലയിലാണ് ഏറ്റുമുട്ടലുകൾ ഏറെയും. യോഗി അധികാരത്തിലേറിയപ്പോൾതന്നെ വെടിയുണ്ടകളെ വെടിയുണ്ടകൾകൊണ്ട് നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഏറ്റുമുട്ടലുകൾ വർധിച്ച സാഹചര്യത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിന് പലതവണ വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു. സർക്കാറിെൻറ ചില നയങ്ങൾമൂലം ഭയത്തിെൻറ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് സമൂഹത്തിന് ഗുണകരമാവില്ല. ക്രമസമാധാന നില ഏറെ മോശമായാൽ പോലും സർക്കാർ ഇത്തരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കരുത്. സർക്കാർ പൊലീസിനെയും കേന്ദ്ര സേനകളെയും സ്വതന്ത്രമായി വിട്ടാൽ അവർ തന്നിഷ്ടംകാട്ടാനും അധികാരം ദുരുപയോഗിക്കാനും സാധ്യതയുണ്ട്. അത് ജീവിക്കാനുള്ള അവകാശത്തിനും നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്ന സങ്കൽപത്തിനുംമേലുള്ള കടന്നുകയറ്റമാണെന്നും കമീഷൻ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.